സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പണം തട്ടൽ… ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ വ്യാജ കാസ്റ്റിങ്…. മുന്നറിയിപ്പുമായി വിജയ് ബാബു

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന വ്യാജ കാസ്റ്റിങ് ഏജന്റുമാർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി നടനും നിർമാതാവുമായ വിജയ് ബാബു. തന്റെ പ്രമുഖ ചലച്ചിത്ര നിർമാണക്കമ്പനിയായ ‘ഫ്രൈഡേ ഫിലിം ഹൗസി’ന്റെ പേരുപയോഗിച്ചാണ് വലിയ രീതിയിലുള്ള തട്ടിപ്പുകൾ നടക്കുന്നതെന്ന് വിജയ് ബാബു ചൂണ്ടിക്കാട്ടി. തട്ടിപ്പുകാർ ഉദ്യോഗാർത്ഥികളുമായി നടത്തിയ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ഔദ്യോഗിക പ്രതിനിധികളെന്ന വ്യാജേനയാണ് തട്ടിപ്പുകാർ സിനിമാ മോഹികളായ യുവതീയുവാക്കളെ സമീപിക്കുന്നത്. ഓൺലൈൻ വഴി ഒഡിഷനിലൂടെ നിങ്ങളെ സിനിമയിലേക്ക് തിരഞ്ഞെടുത്തുവെന്ന് വിശ്വസിപ്പിച്ച ശേഷമാണ് ഇവർ തട്ടിപ്പ് ആരംഭിക്കുന്നത്. കമ്പനിയുടേതിന് സമാനമായ രീതിയിൽ ഉണ്ടാക്കിയ വ്യാജ ഇ-മെയിൽ ഐഡികളാണ് ആശയവിനിമയത്തിനായി ഇവർ ഉപയോഗിക്കുന്നത്. സിനിമയുടെ ആവശ്യങ്ങൾക്കായി വരാൻ ഫ്ലൈറ്റ് ടിക്കറ്റ് ചാർജ്, കാസ്റ്റിങ് കമ്മിഷൻ, അഡ്വാൻസ് തുക തുടങ്ങിയ പേരുകൾ പറഞ്ഞാണ് ഇവർ ഉദ്യോഗാർഥികളിൽ നിന്ന് പണം ആവശ്യപ്പെടുന്നതെന്ന് വിജയ് ബാബു തന്റെ കുറിപ്പിൽ വ്യക്തമാക്കി.

ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നു എന്ന് ആരോപിക്കുന്ന രണ്ടു വ്യക്തികളുടെ പേരും ഫോൺ നമ്പറുകളും വിജയ് ബാബു പരസ്യപ്പെടുത്തിയിട്ടുണ്ട്. ‘ദിനേഷ് ദീനു’, ‘മാധവി’ എന്നീ പേരുകളിലാണ് ഇവർ ഉദ്യോഗാർഥികളെ ഫോൺ വഴിയും സോഷ്യൽ മീഡിയ വഴിയും ബന്ധപ്പെടുന്നത്. സ്വന്തം പ്രൊഡക്ഷൻ കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത് സിനിമാ മോഹികളെ പറ്റിക്കുന്ന ഇത്തരം വ്യാജ സംഘങ്ങൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വിജയ് ബാബു അറിയിച്ചു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഔദ്യോഗിക പേജുകൾ വഴിയല്ലാതെ വരുന്ന ഇത്തരം വ്യാജ സന്ദേശങ്ങളിൽ ആരും വീഴരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button