നടി ആക്രമിക്കപ്പെട്ട കേസ്… അതിജീവിതയുടെ ഹർജി നാളെ ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലേക്ക്

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ ചോർന്നതുമായി ബന്ധപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതിയിൽ പുതിയ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് നാളെ (ബുധനാഴ്ച) ഈ ഹർജി പരിഗണിക്കുക. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറിയതിനെ തുടർന്നാണ് ഹർജി പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. മെമ്മറി കാർഡുമായി ബന്ധപ്പെട്ട അതിജീവിതയുടെ പരാതി മുമ്പ് താൻ ജുഡീഷ്യൽ രജിസ്ട്രാറായിരിക്കെ കൈകാര്യം ചെയ്തിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറിയത്.
കോടതികളുടെ കസ്റ്റഡിയിലിരിക്കെ മൂന്നു തവണ മെമ്മറി കാർഡ് നിയമവിരുദ്ധമായി തുറന്നു പരിശോധിച്ചതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ വിഷയത്തിൽ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജി ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരെയാണ് അതിജീവിത ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ തള്ളിക്കളയണമെന്നും സംഭവത്തിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക പുനരന്വേഷണം വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് അതിജീവിതയായ നടി ആക്രമിക്കപ്പെടുന്നതും പ്രതികൾ ദൃശ്യങ്ങൾ പകർത്തുന്നതും. കേസിൽ ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആദ്യ 6 പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. എന്നാൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് ഉൾപ്പെടെ നാലു പേരെ കോടതി വെറുതെ വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മെമ്മറി കാർഡ് ചോർച്ചയിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യവുമായി അതിജീവിത മുന്നോട്ട് പോകുന്നത്.



