കെ.എസ്.ഇ.ബിയുടെ ‘ടച്ച് വെട്ടൽ’ അൽപം കടന്നുപോയി…. തിരുവല്ലയിൽ മരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിച്ചതിൽ വിശദീകരണം തേടി മന്ത്രി സണ്ണി ജോസഫ്

പത്തനംതിട്ട: ജില്ലയിൽ കെ.എസ്.ഇ.ബി ലൈനിൽ തട്ടാതിരിക്കാനെന്ന പേരിൽ റബ്ബറും തെങ്ങും ഉൾപ്പെടെയുള്ള മരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിച്ചെന്ന ആരോപണത്തിൽ വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അടിയന്തരമായി ഇടപെട്ടു. സംഭവത്തിൽ ഉദ്യോഗസ്ഥ തലത്തിൽ വിശദീകരണം തേടിയ മന്ത്രി, ആവശ്യത്തിലധികം കടന്നുകയറിയുള്ള ഇടപെടൽ കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്.പത്തനംതിട്ട തിരുവല്ലയിലാണ് കെ.എസ്.ഇ.ബിയുടെ ‘ടച്ച് വെട്ട്’ പരിധി ലംഘിച്ചതായി പരാതി ഉയർന്നത്.
വൈദ്യുത ലൈനുകൾക്ക് യാതൊരു തരത്തിലും ഭീഷണി ഉയർത്താത്ത തെങ്ങുകളും റബർ മരങ്ങളുമാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിക്കളഞ്ഞത്. സ്ഥലത്തിന്റെ ഉടമസ്ഥരെപ്പോലും മുൻകൂട്ടി അറിയിക്കാതെയായിരുന്നു കെ.എസ്.ഇ.ബിയുടെ ഈ വിവാദ നടപടി. ഡോക്ടറായ ജേക്കബ് ഉമ്മന്റെ ആറുവർഷം പ്രായമായ ഏഴ് ഹൈബ്രിഡ് തെങ്ങുകളാണ് കെ.എസ്.ഇ.ബി വെട്ടിമാറ്റിയത്. വീട്ടിൽ ജോലിക്കാരൻ മാത്രം ഉണ്ടായിരുന്ന സമയത്തായിരുന്നു ഈ അതിക്രമം.കവിയൂരിന് സമീപമുള്ള ആഞ്ഞിലിത്താനത്ത് ടാപ്പിങ് നടത്തിക്കൊണ്ടിരുന്ന 16 റബർ മരങ്ങളാണ് കെ.എസ്.ഇ.ബി ജീവനക്കാർ വാളുമായി എത്തി വെട്ടിമാറ്റിയത്.
കെ.എസ്.ഇ.ബിയുടെ ഈ വ്യാപക മരംമുറിക്ക് പിന്നിൽ മറ്റെന്തെങ്കിലും താല്പര്യങ്ങളുണ്ടോ എന്ന് സ്ഥലം ഉടമകൾ സംശയിക്കുന്നു. പുല്ലാട് സ്വദേശിയായ തോമസിന്റെ പറമ്പിലെ റബർ മരങ്ങളും സമാനമായ രീതിയിൽ കെ.എസ്.ഇ.ബി വെട്ടിനശിപ്പിച്ചിട്ടുണ്ട്. കാലവർഷത്തിന് മുന്നോടിയായുള്ള ദുരന്തനിവാരണ നിയമപ്രകാരമുള്ള ഉത്തരവുകളുടെ പിൻബലത്തിലാണ് കെ.എസ്.ഇ.ബി ഈ നടപടികളെല്ലാം ന്യായീകരിക്കുന്നത്. എന്നാൽ ലൈനിന് ഭീഷണിയില്ലാത്ത മരങ്ങൾ പോലും ഉടമകളെ അറിയിക്കാതെ വെട്ടിനശിപ്പിച്ചതിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.



