നെഹ്രു ട്രോഫി ജലമേള നടത്തിപ്പ് ഓസ്‌കാർ ഇവന്റ്‌സിന്… കരാർ നീക്കത്തിൽ…

ആലപ്പുഴ: ഇത്തവണത്തെ നെഹ്രു ട്രോഫി ജലമേളയുടെ നടത്തിപ്പ് വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നൽകാൻ നീക്കമെന്ന ആരോപണം. കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്‌കാർ ഇവന്റ്‌സിന് കരാർ നൽകാനാണ് ആലോചന. കരാർ വ്യവസ്ഥകൾ ലംഘിച്ചാണ് കമ്പനിയെ കൊണ്ടുവരുന്നതെന്നാണ് ആരോപണം. എതിർപ്പ് മറികടന്ന് ഓസ്‌കാർ ഇവന്റ്‌സിന് കരാർ നൽകാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കമെന്നാണ് ആക്ഷേപം. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഓസ്‌കാർ ഇവന്റ്‌സ് കമ്പനി ഒരുക്കിയ വേദിയിൽ നിന്നാണ് ഉമാ തോമസ് എംഎൽഎ വീണ് ഗുരുതരമായി പരിക്കേറ്റത്.
ഇതേ പരിപാടിയിൽ സിനിമാ താരത്തിന്റെ നൃത്തപരിപാടി സംഘടിപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ ജില്ലാ കളക്ടർക്ക് മുന്നിൽ പ്രദർശിപ്പിച്ചാണ് നെഹ്രു ട്രോഫി ജലമേളയുടെ നടത്തിപ്പിലേക്ക് ഓസ്‌കാർ ഇവന്റ്‌സ് കടക്കുന്നതെന്നാണ് വിവരം. പരിപാടിയുടെ സജ്ജീകരണങ്ങൾ ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് ഇഷ്ടപ്പെടുകയും കരാർ ഓസ്‌കാറിന് തന്നെ നൽകാൻ ഏകദേശ ധാരണയാവുകയും ചെയ്തതായാണ് റിപ്പോർട്ട്. ഇതിനിടെയാണ് എൻടിബിആർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ എതിർപ്പുയർന്നത്. ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ പരിപാടിയുടെ നടത്തിപ്പുകാർ തന്നെയാണ് നെഹ്രു ട്രോഫിയിലേക്കും എത്തുന്നതെന്നത് പരസ്യമായതോടെ പ്രതിഷേധം വ്യാപകമാവുകയാണ്. ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള എല്ലാ ജോലികളും ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നൽകാനാണ് തീരുമാനമെന്നും വിവാദ കമ്പനിക്ക് തന്നെ കരാർ നൽകാൻ ടെൻഡർ സമർപ്പിക്കേണ്ട തീയതി അറിയിപ്പില്ലാതെ നീട്ടി നൽകിയതായും ആരോപണമുണ്ട്. ഇതോടെ ജില്ലാ കളക്ടറും ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും ആരോപണ മുനയിലായി. വിഷയത്തോട് ഔദ്യോഗികമായി പ്രതികരിക്കാൻ ജില്ലാ കളക്ടർ ഷാജി വി നായർ ഇതുവരെ തയ്യാറായിട്ടില്ല.



