സിപിഐയിൽ വൻ പൊട്ടിത്തെറി…. ബിനോയ് വിശ്വം സ്ഥാനം ഒഴിയണമെന്ന് ആവശ്യം, ‘എൽഡിഎഫിൽ തുടരുന്നതിൽ അർത്ഥമില്ല’

കൊല്ലം: തിരഞ്ഞെടുപ്പ് തോൽവികൾക്ക് പിന്നാലെ സിപിഐയിൽ ആഭ്യന്തര കലഹവും വാദപ്രതിവാദങ്ങളും രൂക്ഷമാകുന്നു. കൊല്ലം സിപിഐ ജില്ലാ നേതൃയോഗത്തിലാണ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തിയത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനം ഒഴിയണമെന്ന ആവശ്യം വരെ യോഗത്തിൽ ഉയർന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന നേതൃത്വത്തിന് പൂർണ്ണ പരാജയമാണ് സംഭവിച്ചതെന്നും വിമർശനമുയർന്നു. പാർട്ടി സ്ഥാനാർത്ഥികളിൽ ചിലർ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്ത് വൻതോതിൽ പണപ്പിരിവ് നടത്തിയതായി നേതൃയോഗത്തിൽ ആക്ഷേപം ഉയർന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എൽഡിഎഫ് മുന്നണിയിൽ ഘടകകക്ഷിയായി തുടരുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നാണ് മറ്റൊരു വിഭാഗം തുറന്നടിച്ചത്.
കൂടാതെ, കെ.ആർ ചന്ദ്രമോഹനെതിരെ പാർട്ടി എന്തെങ്കിലും തരത്തിലുള്ള നടപടിയെടുത്താൽ തങ്ങൾ പാർട്ടിയിൽ തുടരില്ലെന്ന കടുത്ത നിലപാടും ചില നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. കൊല്ലത്തിന് പുറമെ പാലക്കാട് സിപിഐ ജില്ലാ കൗൺസിലിലും എൽഡിഎഫ് നേതൃത്വത്തിനെതിരെ കടുത്ത അമർഷമാണ് പുകയുന്നത്. യുഡിഎഫ് കൃത്യമായ ട്രെൻഡ് മനസ്സിലാക്കി പ്രചാരണം നടത്തിയപ്പോൾ, എൽഡിഎഫ് വെറും മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് മാത്രം ഒതുങ്ങിപ്പോയെന്നാണ് പാലക്കാട് ഉയർന്ന പ്രധാന വിമർശനം. ഇടത് രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ സംഭവിച്ച വീഴ്ചകൾ സർവ്വ മേഖലകളെയും ബാധിച്ചു. പലയിടങ്ങളിലും സിപിഐഎം മനഃപൂർവ്വം സിപിഐയെ മാറ്റിനിർത്താൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. പാലക്കാട് മണ്ഡലത്തിലെ പഞ്ചായത്ത് തല കൺവെൻഷനുകളിൽ പോലും സിപിഐ ഭാരവാഹികളെ പങ്കെടുപ്പിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ലെന്നും ജില്ലാ കൗൺസിലിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.



