‘പാലക്കാടിന് അപമാനം’….ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലുള്ള കൗൺസിലർ പ്രശോഭ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നഗരത്തിൽ വ്യാപക ഫ്ലക്സുകൾ

പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സൻ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. ഇതിന്റെ ഭാഗമായി പാലക്കാട് നഗരത്തിൽ ഉടനീളം പ്രശോഭിനെതിരെ വ്യാപകമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ദളിത് രക്ഷാസമിതിയുടെ നേതൃത്വത്തിലാണ് ‘പാലക്കാടിന് അപമാനം’ എന്ന വാചകം ആലേഖനം ചെയ്ത ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രശോഭ് സമർപ്പിച്ച ജാമ്യാപേക്ഷ മണ്ണാർക്കാട് എസ്‍സി/എസ്ടി കോടതി തള്ളിയിരുന്നു. പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നും, ഇത്രയും ഗുരുതരമായ കുറ്റകൃത്യം ചെയ്തയാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു. ഇക്കഴിഞ്ഞ മാർച്ച് 27-നാണ് കുന്നത്തൂർമേട് വാർഡിലെ കൗൺസിലറായിരുന്ന പ്രശോഭിനെതിരെ യുവതി പരാതി നൽകിയത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലക്കാട് ടൗൺ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് വന്നതിന് പിന്നാലെ പ്രശോഭ് ഒളിവിൽ പോവുകയായിരുന്നു.

പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മണ്ണാർക്കാട് കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതികൾ കനിഞ്ഞില്ല. ഇതോടെ മറ്റ് വഴികളില്ലാതെ രണ്ട് മാസത്തിന് ശേഷം മെയ് 27-ന് പ്രശോഭ് ടൗൺ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. കേസ് ഉയർന്ന ഉടൻ തന്നെ കോൺഗ്രസ് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം, പീഡനക്കേസിൽ അകത്തായെങ്കിലും കൗൺസിലർ സ്ഥാനം രാജിവെക്കാൻ പ്രശോഭ് തയ്യാറായിട്ടില്ല. താൻ ജയിലിലായതിനാൽ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും, അതിനാൽ യോഗങ്ങളിൽ നിന്ന് അവധി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പ്രശോഭ് പാലക്കാട് മുൻസിപ്പാലിറ്റി കൗൺസിലിന് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ പ്രതിയുടെ കത്തിന്മേൽ നഗരസഭ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

Related Articles

Back to top button