ആരോഗ്യവകുപ്പിൽ വൻ അഴിച്ചുപണി… രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കും… ‘കായകൽപം’ അദാലത്തുമായി മന്ത്രി കെ മുരളീധരൻ

സംസ്ഥാന ആരോഗ്യവകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ ‘കായകൽപം’ എന്ന പേരിൽ അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാനന്തവാടി മെഡിക്കൽ കോളേജിന്റെ വികസനത്തിനായി 28 ഏക്കർ വനഭൂമി ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇതിന് പകരമായി ഭൂമി നൽകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമാണ്.

സർക്കാർ ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനായി വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. തന്റെ ഈ പ്രസ്താവനയെ ചിലർ തെറ്റായി വ്യാഖ്യാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എംബിബിഎസ് കോഴ്സുകളിൽ നിയമവിരുദ്ധമായി അധികമായി ഈടാക്കിയ ആറുമാസത്തെ ഫീസ് വിദ്യാർത്ഥികൾക്ക് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷന്റെ (NMC) നിർദ്ദേശം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ അടിയന്തര യോഗം വിളിച്ചു. ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ വെള്ളിയാഴ്ചയാണ് യോഗം ചേരുക.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വാശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികളും ഈ നിർണായക യോഗത്തിൽ പങ്കെടൂക്കും. എന്നാൽ ദേശീയ മെഡിക്കൽ കമ്മീഷന്റെ ഈ നിർദേശം തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടിലാണ് സ്വാശ്രയ മാനേജ്മെന്റുകൾ. കേരളത്തിലെ യഥാർത്ഥ സാഹചര്യം വിലയിരുത്താതെയുള്ള നിർദേശമാണ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുള്ളതെന്നാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷന്റെ വാദം. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ ഈ വിഷയത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button