കരിപ്പൂരിൽ സ്വർണ്ണം പൊട്ടിക്കാൻ എത്തിയ 13 അംഗ ക്വട്ടേഷൻ സംഘം പിടിയിൽ…. പ്രതികളിൽ സിപിഎം പ്രവർത്തകനും

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണം പൊട്ടിക്കുന്ന ക്വട്ടേഷൻ സംഘത്തെ പൊലീസ് പിടികൂടി. കേസിൽ പിടിയിലായ പ്രതികളിൽ ഒരാളായ കണ്ണൂർ മുഴക്കുന്ന് സ്വദേശി ശരത് സജീവ സിപിഐഎം പ്രവർത്തകനാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണൂർ സ്വദേശികളായ 9 പേർ, കോഴിക്കോട് സ്വദേശി, രണ്ട് മലപ്പുറം സ്വദേശികൾ, ഒരു കർണാടക സ്വദേശി എന്നിവരുൾപ്പെടെ ആകെ 13 പേരെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വ്യത്യസ്ത കവർച്ചാ സംഘങ്ങളിൽ പെട്ടവരാണ് പിടിയിലായ എല്ലാവരും. കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങുന്ന യാത്രക്കാരനിൽ നിന്ന് സ്വർണ്ണവും പണവും തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ് ഇവർ എത്തിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി എയർപോർട്ട് പാർക്കിങ് ഏരിയയിലും ഇന്റർനാഷണൽ അറൈവൽ ഏരിയയിലുമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

പ്രതികളിൽ നിന്നും കവർച്ചയ്ക്കായി എത്തിച്ച രണ്ട് കാറുകൾ, രണ്ട് സ്കൂട്ടറുകൾ, 14 മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ഫോണുകൾ പരിശോധിച്ചതിൽ നിന്ന് കവർച്ച കൃത്യമായി ആസൂത്രണം ചെയ്തതിന്റെ നിർണ്ണായകമായ വാട്സ്ആപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചു. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി അൻസാറിന്റെയും, പരപ്പനങ്ങാടി സ്വദേശി അലി അക്ബറിന്റെയും നിർദ്ദേശപ്രകാരമാണ് ഈ സംഘങ്ങൾ കരിപ്പൂരിൽ സ്വർണ്ണം പൊട്ടിക്കാനായി എത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഷാരോൺ, അക്ഷയ്, താജുദ്ദീൻ, സ്വരലാൽ, ധനേഷ്, ശരത്, കനകരാജ്, ജുനൈദ്, രഞ്ജിത് (എല്ലാവരും കണ്ണൂർ സ്വദേശികൾ), തിരൂർ സ്വദേശി റിയാസ്, കോഴിക്കോട് സ്വദേശി സുജിത്, വളാഞ്ചേരി സ്വദേശി ഇർഫാൻ, കർണാടക സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായ 13 പേർ. ഇവർക്കെതിരെ കവർച്ചാ ആസൂത്രണം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. സമാനമായ മറ്റ് സ്വർണ്ണക്കടത്ത് ക്വട്ടേഷനുകളിലും ഇവർക്ക് പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Articles

Back to top button