തലപ്പാവും വെള്ള വസ്ത്രവും ധരിച്ചെത്തി…. 30 ഓളം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച് കൊല്ലത്തെ സ്കൂൾ പ്രധാന അധ്യാപിക

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ മുസ്ലിം വിദ്യാർത്ഥികൾക്ക് എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ നിഷേധിച്ചതായി ഗുരുതര പരാതി. ശാസ്താംകോട്ട ഡോ സി.റ്റി ഈപ്പൻ മെമ്മോറിയൽ ആർ.എച്ച്.എസ് ലെ പ്രധാന അധ്യാപികയ്ക്കെതിരെയാണ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. വെള്ള വസ്ത്രവും തലപ്പാവും ധരിച്ചെത്തിയ വിദ്യാർഥികൾക്ക് സ്കൂളിൽ അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക നിലപാടെടുത്തതായി രക്ഷിതാക്കൾ വ്യക്തമാക്കുന്നു. ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെയുള്ള മുപ്പതോളം വിദ്യാർത്ഥികളാണ് സ്കൂളിൽ പ്രവേശനത്തിനായി എത്തിയത്. മറ്റ് അധ്യാപകരും പിടിഎ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും കുട്ടികൾക്ക് പ്രവേശനം നൽകാൻ പ്രധാന അധ്യാപിക തയ്യാറായില്ലെന്നാണ് വിവരം. ഇതേ തുടർന്ന് സ്കൂൾ മാനേജ്മെന്റിനും ഡിഇഒയ്ക്കും പരാതി നൽകിയിട്ടും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.
അതേസമയം, പ്രധാന അധ്യാപിക മുൻപും സമാനമായ രീതിയിൽ പെരുമാറിയിട്ടുള്ളതായി സ്കൂളിലെ മറ്റ് അധ്യാപകർ തന്നെ വ്യക്തമാക്കുന്നുണ്ട്. സ്കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതോടെ ഇവിടുത്തെ ഒരു പാർട്ട് ടൈം അധ്യാപികയുടെ ജോലി നഷ്ടമാകുന്ന സാഹചര്യവുമുണ്ട്. കുട്ടികൾക്ക് പ്രവേശനം നിഷേധിച്ച നടപടിക്കെതിരെ സ്കൂളിലേക്ക് കെഎസ്‌യു ശക്തമായ പ്രതിഷേധ മാർച്ച് നടത്തി. വിഷയം വിവാദമായതോടെ കടുത്ത നിലപാടുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ രംഗത്തെത്തിയിട്ടുണ്ട്. പരാതി ഔദ്യോഗികമായി ലഭിച്ചാൽ സ്കൂൾ അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കാൻ ഈ നാട്ടിൽ ആർക്കും അവകാശമില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.



