‘ആന ചത്താൽ ലോകം മൊത്തം വരും, മനുഷ്യൻ ചത്താലോ?’…. സൂര്യനെല്ലിയിൽ ഫോറസ്റ്റിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധവുമായി നാട്ടുകാർ. സൂര്യനെല്ലി സ്വദേശിനി മാരി (36) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് ദാരുണമായി മരണപ്പെട്ടത്. ഇന്ന് രാവിലെ മകനെ സ്‌കൂളില്‍ വിടാന്‍ പോകുന്നതിനിടെയായിരുന്നു മാരിയെ കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ മാരിയുടെ മകനുൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തിന് പിന്നാലെ വനംവകുപ്പിനെതിരെ കടുത്ത ജനരോഷമാണ് പ്രദേശത്ത് ഇരമ്പുന്നത്. മാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. വനംവകുപ്പിന്റെ വീഴ്ചയാണ് മരണത്തിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
‘ആനയുണ്ടെന്ന് അറിയിക്കേണ്ട കടമ വനംവകുപ്പിന് ആര്‍ക്കായിരുന്നു? ഇന്ന് രാവിലെയാണ് പെങ്ങളെ ആന ആക്രമിച്ച വിവരം എന്നെ വിളിച്ചു പറയുന്നത്. അവൾക്ക് ഭർത്താവില്ല. ഇനി ആ രണ്ട് കൊച്ചുങ്ങളെ ആര് നോക്കും? ഒരു തീരുമാനമുണ്ടാകാതെ ബോഡി ഇവിടെ നിന്ന് കൊണ്ടുപോകാന്‍ സമ്മതിക്കില്ല.’, കൊല്ലപ്പെട്ട മാരിയുടെ സഹോദരൻ പറഞ്ഞു.’ഒരു ആനയാണ് ചത്തതെങ്കില്‍ ഡിഎഫ്ഒ മാത്രമല്ല, ലോകത്തുള്ള ആള്‍ക്കാര്‍ മുഴുവന്‍ ഇവിടെ ഓടിയെത്തിയേനെ. മനുഷ്യൻ ചത്താൽ ആർക്കും വിലയില്ലേ?’ എന്ന് നാട്ടുകാരും പ്രകോപിതരായി ചോദിച്ചു.
മാരിക്കൊപ്പമുണ്ടായിരുന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ മകൻ ദക്ഷനും കാട്ടാനയുടെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റു. ഇതുകൂടാതെ പ്രദേശത്തുണ്ടായിരുന്ന രണ്ട് യുവതികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ മുതല്‍ തന്നെ സൂര്യനെല്ലി ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നുവെന്ന് വനംവകുപ്പ് പറയുമ്പോഴും, തങ്ങൾക്ക് കൃത്യമായ മുന്നറിയിപ്പ് ലഭിച്ചില്ലെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൃത്യമായ ഉറപ്പ് നൽകാതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.



