മുണ്ടക്കൈ-ചൂരൽമല ഫണ്ട് വിതരണത്തിൽ വീഴ്ച…. വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായുള്ള ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിനായി ഫണ്ട് കൈമാറുന്നതിൽ കളക്ടർ ബോധപൂർവ്വമായ കാലതാമസം വരുത്തിയെന്നാണ് പ്രധാന ആരോപണം. ഇതുസംബന്ധിച്ച് കളക്ടർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം നോട്ടീസ് അയച്ചു. പണം കൈമാറാൻ വൈകിയത് സർക്കാർ നടപടിക്രമങ്ങൾ കാരണമാണെന്നായിരുന്നു കളക്ടറുടെ വിശദീകരണം. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് പുതിയ നോട്ടീസ്.

ചീഫ് സെക്രട്ടറി എ. ജയതിലക് നൽകിയ കർശന നിർദ്ദേശത്തെ തുടർന്നാണ് വയനാട് കളക്ടർക്കെതിരെ നടപടികളിലേക്ക് ദുരന്തനിവാരണ വകുപ്പ് കടന്നത്. ഏപ്രിൽ 18-ന് ദുരന്തനിവാരണ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കെ. ബിജു അയച്ച നോട്ടീസിൻെറ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. മുൻ ദുരന്തനിവാരണ വകുപ്പ് സെക്രട്ടറിയായിരുന്ന കെ. ബിജുവും, നിലവിലെ സെക്രട്ടറി എം.ജി. രാജമാണിക്യവും ചീഫ് സെക്രട്ടറിയുടെ ആവശ്യപ്രകാരമാണ് കളക്ടർക്ക് നോട്ടീസ് നൽകിയത്. അതേസമയം, കളക്ടർ മേഘശ്രീക്ക് എതിരെയുള്ള ഈ നീക്കങ്ങൾ വ്യക്തിപരമായ പ്രതികാരത്തിന്റെ ഭാഗമാണെന്ന ശക്തമായ ആക്ഷേപവും ഇതിനോടകം ഉയർന്നിട്ടുണ്ട്.

Related Articles

Back to top button