കോട്ടയം ജില്ലാ ആശുപത്രിയിലെ ഔഷധത്തോട്ടത്തിൽ ‘കഞ്ചാവ് ചെടി’…. രണ്ടുമാസത്തോളം ആരും അറിഞ്ഞില്ല…. ഒടുവിൽ പിഴുതെടുത്ത് എക്സൈസ്

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിൽ ഔഷധ സസ്യങ്ങൾക്കിടയിൽ കഞ്ചാവ് ചെടി വളർന്നതായി കണ്ടെത്തി. ആശുപത്രിയിലെ കണ്ണ് പരിശോധനാ കേന്ദ്രത്തിന് തൊട്ടടുത്തുള്ള ഔഷധ സസ്യ തോട്ടത്തിലാണ് ഏകദേശം രണ്ടുമാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടി ആരും തിരിച്ചറിയാതെ വളർന്നുനിന്നത്. വിവരമറിഞ്ഞ് എക്സൈസ് സംഘം സ്ഥലത്തെത്തി ചെടി പൂർണ്ണമായി പിഴുതെടുത്ത് നശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കണ്ണ് പരിശോധനാ വിഭാഗത്തിന് സമീപമെത്തിയ ഒരു യുവാവാണ് ഔഷധത്തോട്ടത്തിൽ വ്യത്യസ്തമായി നിന്ന ചെടി ആദ്യം ശ്രദ്ധിച്ചത്. കഞ്ചാവ് ചെടിയാണെന്ന് കടുത്ത സംശയം തോന്നിയ യുവാവ് ഉടൻ തന്നെ ആശുപത്രി വികസന സമിതി അംഗവും ബി.ജെ.പി നേതാവുമായ അരുൺ മൂലേടത്തിനെ വിവരം അറിയിക്കുകയായിരുന്നു.

ആശുപത്രിയിലുണ്ടായിരുന്ന അരുൺ മൂലേടത്ത് ഉടൻ തന്നെ സ്ഥലത്തെത്തി ചെടിയുടെ ചിത്രം മൊബൈലിൽ പകർത്തി എക്സൈസ് ഉദ്യോഗസ്ഥനായ എം. പ്രവീൺ ശിവാനന്ദന് അയച്ചുനൽകി. ഉദ്യോഗസ്ഥർ ഇത് കഞ്ചാവ് ചെടി തന്നെയെന്ന് സ്ഥിരീകരിച്ചതോടെയാണ് നാടകീയ നീക്കങ്ങൾ ഉണ്ടായത്. കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസഫിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എൻ. ഹരിഹരൻ പോറ്റി, ബി. ആനന്ദ് രാജ്, നൗഷാദ് എം., പ്രിവന്റീവ് ഓഫിസർമാരായ മാനുവേൽ, എം. പ്രവീൺ ശിവാനന്ദ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിബിൻ ജോയി എന്നിവരടങ്ങുന്ന സംഘം മിനിറ്റുകൾക്കകം ആശുപത്രിയിലെത്തി ചെടി പിഴുതുമാറ്റി. കണ്ടെത്തുമ്പോൾ ചെടിക്ക് ആറ് സെന്റീമീറ്ററിലധികം ഉയരമുണ്ടായിരുന്നു.

ചെടി നശിപ്പിച്ചതിന് ശേഷം ആശുപത്രിയുടെ പരിസരപ്രദേശങ്ങളിൽ കൂടുതൽ കഞ്ചാവ് ചെടികൾ വളരുന്നുണ്ടോ എന്ന് കണ്ടെത്താൻ എക്സൈസ് സംഘം വ്യാപകമായ പരിശോധന നടത്തി. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരുടെയോ, അല്ലെങ്കിൽ അവിടെയുള്ള നിർമാണ തൊഴിലാളികളുടെയോ പക്കൽ നിന്നും അശ്രദ്ധമായി വീണ കഞ്ചാവ് വിത്ത് കിളിർത്തതാകാനുള്ള സാധ്യത എക്സൈസ് സംഘം തള്ളിക്കളയുന്നില്ല. അതേസമയം, ആരെങ്കിലും മനഃപൂർവ്വം ഔഷധത്തോട്ടത്തിന്റെ മറവിൽ കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ചു വളർത്തിയതാണോ എന്ന കാര്യവും എക്സൈസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ആശുപത്രി പരിസരം കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണവും രഹസ്യ നിരീക്ഷണവും തുടരുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.

Related Articles

Back to top button