ജോർജ് കുര്യൻ കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് പുറത്തേക്ക്?…. രാജ്യസഭാ പട്ടികയിൽ പേരില്ല… മധ്യപ്രദേശിൽ പുതിയ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യമായ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ പദവിയിൽനിന്ന് നീക്കിയേക്കുമെന്ന് സൂചന. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളുടെ ഔദ്യോഗിക പട്ടിക പുറത്തുവന്നതോടെയാണ് ജോർജ് കുര്യന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്ന വാർത്തകൾ ശക്തമായത്. പ്രഖ്യാപിച്ച പട്ടികയിൽ ജോർജ് കുര്യന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ് ജോർജ് കുര്യൻ. മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായതിന് പിന്നാലെ 2024 ഓഗസ്റ്റിലായിരുന്നു അദ്ദേഹത്തെ ബിജെപി മധ്യപ്രദേശിൽ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്. ഈ മാസത്തോടെ അദ്ദേഹത്തിന്റെ രാജ്യസഭാ കാലാവധി അവസാനിക്കുകയാണ്.
ജോർജ് കുര്യന്റേതടക്കം മധ്യപ്രദേശിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് ബിജെപി തങ്ങളുടെ പുതിയ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മുതിർന്ന നേതാക്കളായ തരുൺ ചുഗ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ഇത്തവണ ബിജെപി ഗോദയിലിറക്കുന്നത്. കേന്ദ്ര മന്ത്രിസഭയിൽ തുടരണമെങ്കിൽ ജോർജ് കുര്യന് രാജ്യസഭാംഗത്വം അനിവാര്യമാണ്. എന്നാൽ പാർട്ടി വീണ്ടും സീറ്റ് നൽകാത്തതോടെ വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കുമെന്നുറപ്പായി. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും ജോർജ് കുര്യൻ ജനവിധി തേടിയിരുന്നെങ്കിലും വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന വലിയ പദവിയിലിരുന്ന് മത്സരിച്ചിട്ട് പോലും മണ്ഡലത്തിൽ ചലനമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
കഴിഞ്ഞ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ അൽഫോൺസ് കണ്ണന്താനം ബിജെപിക്കായി മത്സരിച്ച് നേടിയ വോട്ടുകളേക്കാൾ വളരെ കുറഞ്ഞ വോട്ട് മാത്രമാണ് ഇത്തവണ ജോർജ് കുര്യന് നേടാനായത്. ഈ കനത്ത തോൽവിയും കേന്ദ്ര നേതൃത്വത്തിന് അദ്ദേഹത്തോടുള്ള അതൃപ്തിക്ക് കാരണമായെന്നാണ് വിലയിരുത്തൽ. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം, ന്യൂനപക്ഷകാര്യം എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് ജോർജ് കുര്യൻ. മന്ത്രിസഭാ പുനഃസംഘടനയോടെ അദ്ദേഹം പൂർണ്ണമായും പദവികളിൽ നിന്നും ഒഴിഞ്ഞേക്കും.



