എജി ഓഫീസിൽ സതീശൻ സർക്കാരിന്റെ വൻ അഴിച്ചുപണി…. പിണറായിയുടെയും യുപിഎയുടെയും തങ്ങൾ കുടുംബത്തിലെയും അഭിഭാഷകർ പുതിയ പട്ടികയിൽ

ന്യൂഡൽഹി: വൻ രാഷ്ട്രീയ സമവാക്യങ്ങളും സർപ്രൈസുകളും ഒളിപ്പിച്ചുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗം പുതിയ സർക്കാർ അഭിഭാഷക പട്ടികയ്ക്ക് അംഗീകാരം നൽകി. മുൻ യു.പി.എ സർക്കാരിന്റെയും ഒന്നാം പിണറായി വിജയൻ സർക്കാരിന്റെയും കാലത്ത് തിളങ്ങിയ പ്രമുഖ അഭിഭാഷകർ പുതിയ യു.ഡി.എഫ് സർക്കാരിന്റെ പട്ടികയിലും ഇടംപിടിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മൻമോഹൻ സിങ് മന്ത്രിസഭയുടെ കാലത്ത് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ആയിരുന്ന അഡ്വ. ജോൺ വർഗീസിനെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മുൻപ് ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി സുപ്രധാന സാമ്പത്തിക, നികുതി കേസുകൾ കൈകാര്യം ചെയ്ത ജോൺ വർഗീസ്, സതീശൻ സർക്കാരിൽ ഏറ്റവും നിർണായകമായ ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി പ്രവർത്തിക്കുമെന്നാണ് സൂചന.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ ഗവൺമെന്റ് പ്ലീഡർ ആയിരുന്ന പൂജ സുരേന്ദ്രൻ പുതിയ സതീശൻ സർക്കാരിന്റെ പട്ടികയിലും സ്ഥാനംപിടിച്ചിട്ടുണ്ട്. മുൻ എ.ജി സുധാകർ പ്രസാദിന്റെ ജൂനിയർ ആയിരുന്നതിനാലാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൂജയ്ക്ക് നിയമനം ലഭിച്ചതെന്നും ഇവർക്ക് ഇടത് സംഘടനാ പ്രവർത്തന പാരമ്പര്യം ഇല്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അതിനാൽ ഈ നിയമനത്തിൽ യാതൊരു വിവാദവുമില്ലെന്നാണ് വിശദീകരണം. അതേസമയം, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആയിരുന്ന വി. മനു രാജിവച്ച പദവിയിലേക്ക് അഭിഭാഷക രശ്മി ആർ. നായരെ സതീശൻ സർക്കാർ നിയമിച്ചു. തിരുവനന്തപുരം ലോ കോളേജിൽ വി. മനു എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന കാലത്ത്, അവിടെ കെ.എസ്.യുവിന്റെ മുന്നണി പോരാളിയായിരുന്നു രശ്മി ആർ. നായർ എന്നത് കൗതുകകരമായി.
മുസ്ലിം ലീഗിൽ നിന്നുള്ള പ്രമുഖ അഭിഭാഷകരും പട്ടികയിൽ വലിയ പ്രാതിനിധ്യം നേടിയിട്ടുണ്ട്. പി.എം. സനീർ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മുഹമ്മദ് ഷായുടെ ഓഫീസിലെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആണ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ എം.കെ. അബൂബക്കർ. സീനിയർ ഗവൺമെന്റ് പ്ലീഡർമാർ ടി.പി. സാജിദ്, നവാസ് വി.എ, മുഹമ്മദ് സവാദ് എ. ചരിത്രത്തിലാദ്യമായി തങ്ങൾ കുടുംബത്തിൽ നിന്നുള്ള ഒരു അംഗം സർക്കാർ അഭിഭാഷക പദവിയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഈ പട്ടികയ്ക്കുണ്ട്. സയ്യിദ് മൻസൂർ ബാഫഖി തങ്ങളെയാണ് പുതിയ ഗവൺമെന്റ് പ്ലീഡറായി നിയമിക്കുന്നത്.
മുൻപ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഗവൺമെന്റ് പ്ലീഡർമാരായിരുന്ന വി. റഷീദ്, സോയൂസ് പി.കെ, ഡി.പി. രേണു, ഷൈസൺ പി. മൻഗുഴ, സുമിത വിനോദ്, സി.ആർ. ശ്യാം കുമാർ, രഞ്ജിത് എ. എന്നിവർ പുതിയ പട്ടികയിലൂടെ തിരിച്ചെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ ജോസഫ് വാഴയ്ക്കൻ, കെ. ബാബു എന്നിവരുടെ അടുത്ത ബന്ധുക്കളും ടി.എൻ. പ്രതാപന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, പുതിയ നിയമനത്തെച്ചൊല്ലി ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത ആരോപണങ്ങളും ഉയരുന്നുണ്ട്. സീനിയർ അഭിഭാഷകരായി നിയമിക്കപ്പെടണമെങ്കിൽ എൻറോൾ ചെയ്ത ശേഷം കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം വേണമെന്നാണ് നിയമം. എന്നാൽ ഈ വ്യവസ്ഥ പൂർണ്ണമായി മറികടന്നുകൊണ്ട് ഒരു അഭിഭാഷകനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചുവെന്നാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം.



