തലശ്ശേരി വ്യാപാരി സഹകരണ സംഘത്തില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; സെക്രട്ടറി പിടിയില്‍

തലശ്ശേരിയിലെ വ്യാപാരി സഹകരണ സംഘത്തിലെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്. നിക്ഷേപകരില്‍ നിന്ന് കോടികള്‍ സമാഹരിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ സംഘം സെക്രട്ടറി കെസി ജ്യോതിഷിനെ തമിഴ്‌നാട്ടിലെ രാമേശ്വരത്തുനിന്ന് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

അമിത പലിശ വാഗ്ദാനം നല്‍കി ബന്ധുക്കളടക്കം നിരവധി പേരില്‍ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ച ശേഷം സ്ഥാപനം പൂട്ടി മുങ്ങിയ പ്രതിയാണ് പിടിയിലായത്. തലശ്ശേരി എഎസ്പി ഡോ. നന്ദഗോപന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഒളിവില്‍ കഴിയുകയായിരുന്ന ജ്യോതിഷിനെ പിടികൂടിയത്. കഴിഞ്ഞ മാസം 26 മുതല്‍ ഒളിവിലായിരുന്ന ജ്യോതിഷ് മുംബൈയിലും തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും സഞ്ചരിച്ച ശേഷമാണ് രാമേശ്വരത്ത് എത്തിയതെന്നാണ് അന്വേഷണ സംഘം നല്‍കുന്നവിവരം. ഇയാളെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ഏകദേശം നാലര കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് നടന്നതെന്നാണ് പരാതി. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് തലശ്ശേരി പൊലീസ് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതിയുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളില്‍ നിരവധി തവണ പരിശോധനയും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂണിറ്റിന്റെ നിയന്ത്രണത്തിലാണ് ഈ സഹകരണ സംഘം.

Related Articles

Back to top button