ഡോ. എം.കെ. റാമിന്റെ അറസ്റ്റിൽ ക്രൈംബ്രാഞ്ചിന് ഗുരുതര വീഴ്ച…

കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച. അടിസ്ഥാനപരമായ നിയമനടപടിക്രമങ്ങൾ പോലും പാലിക്കാതെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പ്രതിയെ കോടതി വിട്ടയച്ചു. തുടർന്ന് കോടതി വളപ്പിലുണ്ടായ നാടകീയ രംഗങ്ങൾ അന്വേഷണ സംഘത്തെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
സുപ്രീം കോടതി വരെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പ്രതിയെ, കോടതിയിൽ കീഴടങ്ങാൻ വരുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. എന്നാൽ അറസ്റ്റ് ചെയ്യുന്നതിന്റെ കാരണങ്ങൾ എഴുതി നൽകണമെന്ന നിബന്ധന പോലീസ് പാലിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഇത് അംഗീകരിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ രാത്രി 7.30-ഓടെ റാമിനെ വിട്ടയയ്ക്കുകയായിരുന്നു. കോടതി വിട്ടയച്ചതിന് പിന്നാലെ റാമിനെ കോടതി വളപ്പിൽ നിന്ന് പോലീസ് ബലമായി കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത് വലിയ ബഹളത്തിന് വഴിവെച്ചു. ബന്ധുക്കൾ ബഹളം വെച്ചതോടെ ഒപ്പമുണ്ടായിരുന്ന ബന്ധുവിനെയും പോലീസ് വാഹനത്തിൽ കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിട്ടു. എന്നാൽ റാമിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് ഡിവൈ.എസ്.പി പിന്നീട് വിശദീകരിച്ചത്.
നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ വീണ്ടും നോട്ടീസ് നൽകി നിയമപരമായി മാത്രമേ പോലീസിന് ഇനി റാമിനെ അറസ്റ്റ് ചെയ്യാൻ സാധിക്കൂ എന്ന് പ്രതിഭാഗം അഭിഭാഷകൻ കിഷോർ വ്യക്തമാക്കി. കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രമുഖ പ്രതിയെ ലഭിച്ചിട്ടും സാങ്കേതിക വീഴ്ച കാരണം വിട്ടയക്കേണ്ടി വന്നതിൽ ആഭ്യന്തര വകുപ്പ് കടുത്ത അതൃപ്തിയിലാണ്. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പോലീസ് മേധാവിയോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് മേധാവിയോട് വിശദീകരണം ചോദിച്ച ശേഷം ഡി.ജി.പി റിപ്പോർട്ട് സമർപ്പിക്കും. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം, കേസിലെ നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് വ്യക്തമാക്കി നിതിന്റെ മാതാപിതാക്കൾ ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. ഇതിന് പിന്നാലെ പഴയ അന്വേഷണ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരെയും ഒഴിവാക്കി, എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പുതിയ സംഘത്തെ കേസ് അന്വേഷണത്തിനായി നിയോഗിച്ചു. ഐ.ജി അജിതാ ബേഗത്തിനായിരിക്കും പുതിയ അന്വേഷണത്തിന്റെ മേൽനോട്ട ചുമതല.



