കേരള ചരിത്രത്തിലെ അഞ്ചാം ധവളപത്രം…. മുൻ സർക്കാരുകളുടെ സാമ്പത്തിക കണക്കുകൾ നിരത്തി സതീശൻ സർക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധനകാര്യ ധവളപത്രം വി ഡി സതീശൻ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി കെ എം ചന്ദ്രശേഖർ അധ്യക്ഷനായ വിദഗ്ധ സമിതിയാണ് ധവളപത്രം തയ്യാറാക്കിയത്. ഒരു സർക്കാരിന്റെ കൃത്യമായ സാമ്പത്തിക നിലവാരം, വരുമാന സ്രോതസ്സുകൾ, കടബാധ്യതകൾ, ഭാവിയിലെ സാമ്പത്തിക വെല്ലുവിളികൾ എന്നിവ പൊതുജനങ്ങളെയും നിയമസഭയെയും ബോധ്യപ്പെടുത്തുകയാണ് ധവളപത്രത്തിന്റെ പ്രധാന ലക്ഷ്യം.
സാധാരണയായി പുതിയൊരു സർക്കാർ അധികാരമേൽക്കുമ്പോൾ മുൻ സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് വിലയിരുത്താനാണ് ഇത്തരം ധവളപത്രങ്ങൾ പുറത്തിറക്കാറുള്ളത്. ട്രഷറിയിലെ യഥാർത്ഥ സാമ്പത്തിക കണക്ക്, റവന്യൂ കമ്മി, സംസ്ഥാനത്തിന്റെ സാമ്പത്തിക കുടിശിക എന്നിവയുടെ കൃത്യമായ വിവരങ്ങൾ ഈ റിപ്പോർട്ടിലുണ്ട്. നികുതി പിരിവിലെ പോരായ്മകളും തടസ്സപ്പെട്ടുകിടക്കുന്ന പദ്ധതികളും ധവളപത്രത്തിലൂടെ സർക്കാർ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ ഇത് ആദ്യമായല്ല ധവളപത്രം ഇറക്കുന്നത്. വി ഡി സതീശൻ സർക്കാരിന് മുൻപ് നാല് സർക്കാരുകൾ സംസ്ഥാനത്ത് സാമ്പത്തിക ധവളപത്രം പുറത്തിറക്കിയിട്ടുണ്ട്.
1987ൽ കെ കരുണാകരൻ സർക്കാർ സംസ്ഥാനത്തിന്റെ ധനസ്ഥിതിയാകെ തകർത്തെന്ന് ആരോപിച്ചായിരുന്നു ഇ കെ നായനാർ സർക്കാരിന് വേണ്ടി വിശ്വനാഥ മേനോൻ ധവളപത്രം ഇറക്കിയത്. 2001ൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ബോധ്യപ്പെടുത്താനും തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമാണ് എ കെ ആന്റണി സർക്കാർ ധവളപത്രം ഉപയോഗിച്ചത്. ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെ തുടർന്ന് 32 ദിവസം നീണ്ടുനിന്ന സർക്കാർ ജീവനക്കാരുടെ വൻ പ്രക്ഷോഭത്തിന് ഈ ധവളപത്രം കാരണമായിരുന്നു. 2011 മുതൽ 2016 വരെ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമേറ്റപ്പോൾ കെ എം മാണിയും, ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ടി എം തോമസ് ഐസക്കും മുൻ സർക്കാരുകളുടെ ധനവിനിയോഗം വിലയിരുത്തി ധവളപത്രങ്ങൾ നിയമസഭയിൽ സമർപ്പിച്ചിരുന്നു.പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ, സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാനുള്ള നിർണായക നീക്കമായാണ് സതീശൻ സർക്കാരിന്റെ ഈ ധവളപത്ര പ്രകാശനം വിലയിരുത്തപ്പെടുന്നത്.



