‘മുഖ്യമന്ത്രിക്ക് നന്ദി, ഗൂഢാലോചന പുറത്തുവരണം’…. നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിട്ടതിൽ പ്രതികരണവുമായി ഭാര്യ

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐയ്ക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതികരണവുമായി കുടുംബം രംഗത്ത്. തങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ഒപ്പം നിന്ന മുഖ്യമന്ത്രിക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നതായി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. നിവേദനം നൽകിയതിന് തൊട്ടുപിന്നാലെ തന്നെ ഉത്തരവിറക്കിയ സർക്കാരിനോട് നന്ദിയുണ്ടെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബുവും പ്രതികരിച്ചു. സത്യസന്ധവും ശാസ്ത്രീയവുമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും, നിഷ്പക്ഷമായ അന്വേഷണം ഇരയുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരെയും ശിക്ഷിക്കണം എന്ന് വാശിപിടിച്ചല്ല തങ്ങൾ മുന്നോട്ട് പോകുന്നതെന്ന് പ്രവീൺ ബാബു വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാൻ ഔദ്യോഗികമായി തീരുമാനമായത്. ഇതിനൊപ്പം നവീൻ ബാബുവിന്റെ മകൾക്ക് ആശ്രിത നിയമനം നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ ഈ ആവശ്യം പരിഗണിച്ചിരുന്നില്ല. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസ് സിബിഐയ്ക്ക് വിട്ടുകൊണ്ട് സർക്കാർ അടിയന്തര ഉത്തരവിറക്കിയത്.



