കർണാടകയുടെ അമരക്കാരനായി ഡി.കെ. ശിവകുമാർ….. ഭരണഘടനയുടെ ചെറുപതിപ്പുമായി എത്തി സത്യപ്രതിജ്ഞ….. മന്ത്രിസഭയിൽ രണ്ട് മലയാളികളും

ബെംഗളൂരു: ആഴ്ചകൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും വിരാമമിട്ടുകൊണ്ട് കോൺഗ്രസിന്റെ ദക്ഷിണേന്ത്യയിലെ കരുത്തനായ ട്രബിൾഷൂട്ടർ ഡി.കെ. ശിവകുമാർ കർണാടകയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യൻ ഭരണഘടനയുടെ ഒരു ചെറുപതിപ്പ് കയ്യിലേന്തിയാണ് ശിവകുമാർ സത്യപ്രതിജ്ഞാ വേദിയിലേക്ക് എത്തിയത് എന്നത് ശ്രദ്ധേയമായി.
ഡി.കെ. ശിവകുമാറിനൊപ്പം അദ്ദേഹത്തിന്റെ പുതിയ മന്ത്രിസഭയും അധികാരമേറ്റിട്ടുണ്ട്. സിദ്ധരാമയ്യയുടെ പ്രത്യേക താല്പര്യപ്രകാരം മുതിർന്ന നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കെ.എച്ച്. മുനിയപ്പ, യു.ടി. ഖാദർ എന്നിവരുൾപ്പെടെ 14 അംഗ മന്ത്രിസഭയാണ് ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ യു.ടി. ഖാദർ ഉൾപ്പെടെ രണ്ട് മലയാളി പ്രതിനിധികൾ കർണാടക മന്ത്രിസഭയിൽ ഇടം നേടിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തിന്റെ അസാധാരണമായ ഐക്യം വിളിച്ചോതുന്നതായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, എ.ഐ.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവർ ഒരേ കാറിലാണ് സത്യപ്രതിജ്ഞാ വേദിയിലേക്ക് ഒന്നിച്ച് എത്തിയത്.
കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയ പ്രമുഖരുടെ വൻ നിര തന്നെ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. വൊക്കലിംഗ വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവായ ഡി.കെ. ശിവകുമാർ എട്ട് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടാണ് ഒടുവിൽ പരിഹാരം കണ്ടത്. ഹൈക്കമാൻഡ് നിർദ്ദേശത്തിന് വഴങ്ങി സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജി വെയ്ക്കുകയായിരുന്നു. തുടർന്ന് ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ സിദ്ധരാമയ്യ തന്നെയാണ് ഡി.കെ. ശിവകുമാറിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. ജി. പരമേശ്വര ഈ നിർദ്ദേശത്തെ പിന്താങ്ങി.
തർക്കപരിഹാര ചർച്ചകളുടെ ഭാഗമായി കേന്ദ്ര നേതൃത്വം സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെങ്കിലും, കേന്ദ്ര രാഷ്ട്രീയത്തിലേക്ക് മാറാതെ സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരാനാണ് താല്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു. ഡൽഹി ചർച്ചകൾക്ക് ശേഷം സ്വന്തം വസതിയിൽ വെച്ച് മന്ത്രിമാർക്കായി നടത്തിയ പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ ഈ നിർണ്ണായക തീരുമാനം സഹപ്രവർത്തകരെ അറിയിച്ചത്.



