സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം പൊളിയുന്നു…

ആലപ്പുഴ: നവകേരള സദസിനിടെയുണ്ടായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മര്‍ദ്ദനത്തില്‍ പ്രതികളുടെ വാദം പൊളിച്ച് എസ്‌ഐടി റിപ്പോര്‍ട്ട്. പ്രതിഷേധത്തിനിടെ ബസ്സിന് നേരെ കല്ലേറുണ്ടായെന്ന ആരോപണം തെളിയിക്കാന്‍ ഫോറന്‍സിക് പരിശോധനയില്‍ സാധിച്ചില്ലെന്നും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മൊഴി പ്രതികള്‍ക്ക് എതിരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികള്‍ ഉപയോഗിച്ച ലാത്തി കൊണ്ടുള്ള അടി ഗുരുതര പരിക്ക് ഉണ്ടാക്കുന്നതാണ്. മരണം വരെ സംഭവിക്കാം എന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. മര്‍ദ്ദനമേറ്റവര്‍ക്ക് കഴുത്തിലും തലയ്ക്കും പലതവണ അടിയേറ്റു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐപിസി 308 ചുമത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ അടിയേറ്റ് എ ഡി തോമസിന്റെ തല പൊട്ടി ചോരയൊലിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. പരിക്കിന്റെ ആഴത്തെ കുറിച്ച് മെഡിക്കല്‍ വിദഗ്ധരുടെയും അഭിപ്രായം തേടിയിരുന്നു.



