ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതി….എറണാകുളം റേഞ്ച് ഐജിയോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ഡിവൈഎസ്പി മധു ബാബുവിനെതിരായ പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാൻ എറണാകുളം റേഞ്ച് ഐജിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ചലച്ചിത്ര നിർമാതാവ് ഷീല കുര്യൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നടപടി. പരാതി നൽകാനെത്തിയ തന്നോട് ഡിവൈഎസ്പി മോശമായി പെരുമാറിയെന്ന ഷീല കുര്യന്റെ പരാതിയിൽ മുൻപ് നടപടി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിൽ തുടർനടപടികൾ ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഷീല കുര്യൻ വീണ്ടും കോടതിയെ സമീപിച്ചത്.

2021-ൽ ആലപ്പുഴ സ്വദേശിയായ ഒരാൾ തന്നിൽ നിന്ന് 15 ലക്ഷം രൂപ കടമായി വാങ്ങിയെന്നും, പലതവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ നൽകിയില്ലെന്നും കാണിച്ച് ഷീല കുര്യൻ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. പരാതി നൽകി രണ്ടാഴ്ചയ്ക്ക് ശേഷം ഡിവൈഎസ്പി മധു ബാബു ഇവരെ വിളിപ്പിച്ചു. എന്നാൽ തന്റെ ഭാഗം കേൾക്കുന്നതിന് പകരം ഡിവൈഎസ്പി മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയും അശ്ലീലമായ രീതിയിൽ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തെന്നാണ് ഷീല കുര്യന്റെ പരാതി. പൊലീസിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടിയുണ്ടാകാത്തതിനെ തുടർന്ന് മുൻപ് ഹൈക്കോടതിയെ സമീപിച്ച പരാതിക്കാരിക്ക് അനുകൂലമായി കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ എറണാകുളം റേഞ്ച് ഐജിയിൽ നിന്നും ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്.

Related Articles

Back to top button