പന്ത്രണ്ടാംക്ലാസ് പുനർമൂല്യനിർണയം… സിബിഎസ്ഇ വെബ്‌സൈറ്റിൽ ഇപ്പോഴും സാങ്കേതിക പ്രശ്നങ്ങളെന്ന് പരാതി….. സുരക്ഷയ്ക്ക് ആധാർ നിർബന്ധം, ഹൈക്കോടതിയിൽ ഹർജി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ വീണ്ടും പ്രവർത്തനസജ്ജമായെങ്കിലും സാങ്കേതിക തടസ്സങ്ങൾ പൂർണ്ണമായി പരിഹരിക്കാനാകാതെ അധികൃതർ. വെബ്‌സൈറ്റ് തുറക്കുന്നുണ്ടെങ്കിലും അപേക്ഷ സമർപ്പിക്കുന്നതിൽ ഇപ്പോഴും ബുദ്ധിമുട്ടുകൾ നേരിടുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. ഈ മാസം ആറാം തീയതി വരെയാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള സമയം. സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി ഇത്തവണ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ ആധാർ നിർബന്ധമാക്കിയിട്ടുണ്ടെന്ന് സിബിഎസ്ഇ അറിയിച്ചു.

അപേക്ഷ സമർപ്പിക്കാൻ വിദ്യാർത്ഥിയുടെ ആധാർ വിവരങ്ങൾ ആവശ്യമാണ്. സ്വന്തമായി ആധാർ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മാതാപിതാക്കളുടെയോ മറ്റ് അടുത്ത ബന്ധുക്കളുടെയോ വിവരങ്ങൾ ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയിൽ നൽകുന്ന പേര്, ജനനത്തീയതി തുടങ്ങിയ വിവരങ്ങൾ ആധാർ നമ്പർ ഉപയോഗിക്കുന്ന വ്യക്തിയുടേതുമായി കൃത്യമായി ഒത്തുപോകണമെന്നും സിബിഎസ്ഇ സർക്കുലറിൽ വ്യക്തമാക്കുന്നു. വെബ്‌സൈറ്റിലെ നിരന്തരമായ തകരാറുകൾ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിൽ, വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ പ്രസിഡന്റ് വിനോദ് ജാക്കർ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. അതേസമയം, മൂല്യനിർണയ പോർട്ടലിലെ പിഴവുകളുടെ പേരിൽ കരാർ കമ്പനിയായ ‘കോ എംപ്റ്റ് എഡ്യൂട്ടക്കിനെ’ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് പോലുള്ള കടുത്ത നടപടികളിലേക്ക് സിബിഎസ്ഇ കടക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുമായി കരാറിൽ ഏർപ്പെടുന്നതിന് മുൻപ് തന്നെ, കരിമ്പട്ടികയിൽ പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കരാറിൽ നിന്ന് നീക്കം ചെയ്തിരുന്നു.

Related Articles

Back to top button