പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിണറായി വിജയനെ ക്രൂശിക്കുന്നത് നീതികേടാണെന്ന് എസ്എന്‍ഡിപി മുഖപത്രം ‘യോഗനാദ’ത്തില്‍ എഴുതിയ എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി നടേശന് പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി വിജയന് മാത്രമല്ല. ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വര്‍ഷം വാഴ്ത്തിപ്പാടിയവര്‍ തോറ്റപ്പോള്‍ ആക്ഷേപ ശരങ്ങള്‍ എറിയുകയാണെന്ന് വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
സഖാക്കളോട്’ എന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയല്‍ ആരംഭിക്കുന്നത്. ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടര്‍ഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയന്. അധികാരത്തിന്റെ മധുരം നുകര്‍ന്ന് രസിച്ച് ഉല്ലസിച്ചവര്‍ ഭരണം നഷ്ടമായ ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങിവന്നപ്പോള്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഒരാളുടെ ചുമലിലേക്ക് കെട്ടിവെയ്ക്കുന്നതും വേട്ടയാടുന്നതും ശരിയല്ല. രണ്ടാമതും ഭരണം ലഭിച്ചപ്പോള്‍ നേതാക്കളും അണികളും സുഖലോലുപരായെന്നതാണ് വസ്തുത.
ജനങ്ങളെയും ജനകീയ പ്രശ്നങ്ങളെയും മറന്ന് പലരും സാമ്പത്തിക നേട്ടത്തിനായി പാഞ്ഞു. അധികാര ലഹരി നുകരുന്ന തിരക്കില്‍ പാര്‍ട്ടിയുടെ മേല്‍ത്തട്ട് മുതല്‍ കീഴ്ത്തട്ടുവരെയുള്ളവര്‍ ചെയ്ത പാപങ്ങളാണ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.



