മംഗല്യപ്പന്തലിൽ നിന്ന് മരണത്തിലേക്ക്…. അമേരിക്കയിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി വരനും പൈലറ്റും മരിച്ചു… വധു അതീവ ഗുരുതരാവസ്ഥയിൽ

വിവാഹദിനത്തിലുണ്ടായ ദാരുണമായ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി വരനും പൈലറ്റും മരിച്ചു. അമേരിക്കയിലെ ജോർജിയയിലാണ് പ്രവാസി മലയാളി കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയ ദുരന്തം സംഭവിച്ചത്. അറ്റ്‌ലാന്റയിൽ സ്ഥിരതാമസമാക്കിയ ഫിജി-ഫേബ ദമ്പതികളുടെ മകൻ ഡേവ് ഫിജി (ഡെൽറ്റ എയർലൈൻസിലെ പൈലറ്റ്), ഹെലികോപ്റ്റർ പൈലറ്റ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വധു ജെസ്നിൻ നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഡേവിന്റേയും ജെസ്‌നിന്റേയും വിവാഹ ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് ശേഷം വധൂവരന്മാർ ഒരുമിച്ച് ഹെലികോപ്റ്ററിൽ യാത്ര തിരിക്കുകയായിരുന്നു.
ജോർജിയയിലെ ഡോസൻ കൗണ്ടിയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. യാത്രയ്ക്കിടെ പെട്ടെന്നുണ്ടായ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. നിയന്ത്രണം വിട്ട ഹെലികോപ്റ്റർ കാട്ടുപ്രദേശത്തെ മരത്തിലിടിച്ച് പൂർണ്ണമായും തകരുകയായിരുന്നു. ഡേവും പൈലറ്റും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. അപകടം നടന്നയുടൻ പുറംലോകം വിവരമറിഞ്ഞിരുന്നില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഏകദേശം അഞ്ച് മണിക്കൂറോളം ബോധരഹിതയായി കിടന്ന വധു ജെസ്നിക്ക് പിന്നീട് ബോധം തിരികെ ലഭിക്കുകയായിരുന്നു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ജെസ്നിൻ സഹായത്തിനായി ആളുകളെ വിളിച്ചുകൂട്ടിയപ്പോഴാണ് ദാരുണമായ ഈ അപകടവിവരം പുറംലോകം അറിയുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി ജെസ്നിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.




