നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; ആരോപണവിധേയരായ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ ജോലിക്കിടെ യുഎൻഎ യൂണിറ്റ് സെക്രട്ടറിയായ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു. ഇവരെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോപണവിധേയരായ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് യുവമോർച്ചയും ഡിവൈഎഫ്ഐയും നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.
ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് അധിക അളവിൽ മരുന്നു കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. ചീഫ് നഴ്സിങ് ഓഫീസർ, സൂപ്പർവൈസർ എന്നിവരുടെ മാനസിക പീഡനമാണ് കാരണമെന്നാണ് ആരോപണം. ആശുപത്രിയിലെ ജീവനക്കാർ ഏറെ നാളായി തൊഴിൽപരമായ പീഡനങ്ങൾ നേരിടുന്നുണ്ടെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.



