ആദ്യഭാര്യയെ ഭിത്തിയിലിടിച്ച് തളർത്തി, 13 മാസം കോമയിൽ…. ഒന്നരവയസുകാരനെ കൊന്ന അഷ്കർ കൊടും ക്രിമിനലെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഷ്കർ വെറുമൊരു പ്രതിയല്ല, മറിച്ച് കേട്ടാൽ മരവിച്ചുപോകുന്ന ക്രൂരതകൾ വിനോദമാക്കിയ കൊടും ക്രിമിനലാണെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അഷ്കറിന്റെ കണ്ണില്ലാത്ത ക്രൂരതകൾക്ക് ഇരയായി ഇയാളുടെ ആദ്യഭാര്യ ആമിന നിലവിൽ ശരീരം തളർന്ന നിലയിലാണ്. അഷ്കർ നടത്തിയ കൊല്ലാക്കൊലയുടെ വിവരങ്ങളാണ് ആമിനയുടെ മാതാവ് ഷജീല ബീവി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
പാലോട് സ്വദേശിനിയായ ആമിനയെ 2022 ലാണ് അഷ്കർ വിവാഹം കഴിച്ചത്. എന്നാൽ 2024 മുതൽ ഈ ഇരുപത്തിയൊന്നുകാരി ശരീരം തളർന്ന് കിടപ്പിലാണ്. ഭിത്തിയിൽ തല ശക്തമായി ഇടിപ്പിച്ചതിനെ തുടർന്ന് 13 മാസത്തോളമാണ് ആമിന കോമ സ്റ്റേജിൽ കഴിഞ്ഞത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിൽ ചികിത്സയിലാണ് ഈ യുവതി. വിവാഹം കഴിഞ്ഞ ആദ്യ ആഴ്ച മുതൽ മകളെ അഷ്കർ സ്ത്രീധനത്തിന്റെ പേരിൽ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ഷജീല ബീവി പറയുന്നു. അഷ്കറും ഇയാളുടെ മാതാവും സഹോദരിയും ചേർന്ന് ആമിനയെ മർദ്ദിച്ച് ഫാനിൽ കെട്ടിത്തൂക്കാൻ വരെ ശ്രമിച്ചിരുന്നു.
അതേസമയം, ഒന്നരവയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി അഷ്കറിനെ പനവൂർ കരിക്കുഴിയിലെ വാടകവീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ വൻ ജനരോഷമാണ് ഉണ്ടായത്. കുട്ടിയെ കൊലപ്പെടുത്തിയ പ്രതിക്കെതിരെ മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടിയ നാട്ടുകാർ ഇയാളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസ് ഇവിടെ തെളിവെടുപ്പ് പൂർത്തിയാക്കിയത്. കുഞ്ഞിനെ സ്ഥിരമായി താൻ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അഷ്കർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അഷ്കർ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുന്നത് താൻ കണ്ടിരുന്നുവെന്ന് അമ്മ അഖിലയും പൊലീസിന് മൊഴി നൽകി. പിഞ്ചുകുഞ്ഞിന്റെ ശരീരമാസകലം ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന പാടുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഭിത്തിയിൽ തലയിടിച്ച് ആദ്യഭാര്യയെ കിടപ്പിലാക്കിയ അതേ ക്രൂരത തന്നെയാണ് അഷ്കർ ഈ പിഞ്ചുകുഞ്ഞിനോടും ആവർത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.




