നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു…. അഷ്കറിനെതിരെ ആക്രോശവുമായി നാട്ടുകാർ, കയ്യേറ്റശ്രമം

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അഷ്കറിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. നെടുമങ്ങാട് പൊലീസിന്റെ നേതൃത്വത്തിൽ കുഞ്ഞിനൊപ്പം അഷ്കറും അമ്മ അഖിലയും താമസിച്ചിരുന്ന നെല്ലിക്കുന്ന് കരിക്കുഴിയിലുള്ള വാടക വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടെ സ്ഥലത്ത് കടുത്ത സംഘർഷാവസ്ഥയാണ് ഉണ്ടായത്. പ്രതിക്ക് നേരെ ആക്രോശിച്ചെത്തിയ നാട്ടുകാർ ഇയാളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

ഇന്ന് പുലർച്ചെ പനവൂരിലെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന അഷ്കറിന്റെ വാഹനം ബൈക്കിലെത്തിയ രണ്ടംഗ അജ്ഞാത സംഘം അടിച്ചുതകർത്തിരുന്നു. ഇതിന് പിന്നാലെ കനത്ത സുരക്ഷയിലാണ് പ്രതിയെ പൊലീസ് തെളിവെടുപ്പിനായി എത്തിച്ചത്. ടാക്സി തൊഴിലാളിയായ അഷ്കർ ആറ് മാസം മുൻപാണ് പനവൂരിലെ വാടക വീട്ടിലേക്ക് എത്തിയത്. രണ്ടു മാസം മുൻപാണ് അഖിലയും കുഞ്ഞും ഇയാൾക്കൊപ്പം താമസം തുടങ്ങിയത്. ഇരുവരും നാട്ടുകാരുമായി ഒട്ടും സഹകരിക്കാത്ത പ്രകൃതക്കാരായിരുന്നുവെന്ന് പരിസരവാസികൾ പറയുന്നു. കുഞ്ഞിനെ ഇവർ അധികമൊന്നും പുറത്തേക്ക് കാണിച്ചിരുന്നില്ല. അഷ്കറും അഖിലയും താമസിച്ചിരുന്ന വീടിന് സമീപത്ത് മറ്റ് വീടുകളൊന്നും ഇല്ല. അതുകൊണ്ടുതന്നെ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിക്കുന്ന വിവരം പുറത്തറിയാതിരിക്കാൻ ബോധപൂർവ്വം ഇത്തരമൊരു വിജനമായ വീട് തിരഞ്ഞെടുത്തതാണോ എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.

സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് അഷ്കർ പൊലീസിന് നൽകിയ മൊഴി. അടിയേറ്റയുടൻ കുഞ്ഞിന്റെ ബോധം നഷ്ടപ്പെടുകയായിരുന്നു. എന്നാൽ, കുഞ്ഞിന്റെ ശരീരത്തിലേറ്റ 51 മുറിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾ ദീർഘനാളായി കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞത് അഷ്കറിന്റെ മർദ്ദനം മൂലമാണോ എന്ന് പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചുവരികയാണ്. ക്രൂരമായ ഈ കൊലപാതകത്തിൽ അമ്മ അഖിലയ്ക്ക് നേരിട്ടോ അല്ലാതെയോ പങ്കുണ്ടോ എന്ന കാര്യത്തിലും വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

Related Articles

Back to top button