കൊച്ചിയിൽ മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച കേസ്….. ട്രാഫിക് എസ്എച്ച്ഒയുടെ വിരലിന് പൊട്ടൽ… അഞ്ച് യുവാക്കൾ കസ്റ്റഡിയിൽ

കൊച്ചി: നഗരത്തിൽ മദ്യലഹരിയിൽ പോലീസിനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാക്കളുടെ ആക്രമണത്തിൽ ഇടപ്പള്ളി ട്രാഫിക് എസ്എച്ച്ഒ ഉദയകുമാറിന്റെ കൈവിരലിന് ഗുരുതരമായി പൊട്ടലേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടപ്പള്ളിക്കടുത്ത് മരോട്ടിച്ചോട് ജംഗ്ഷനിൽ ഇന്ന് പുലർച്ചെയായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
നെന്മാറ സ്വദേശി ഷംസുദ്ദീൻ, തിരുവനന്തപുരം സ്വദേശികളായ അൽത്താഫ്, അജ്മൽ, കൊല്ലം സ്വദേശി ജിനീഷ്, വയനാട് സ്വദേശി അക്ഷയ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവർ അഞ്ചുപേരും ഇടപ്പള്ളിയിലെ പ്രമുഖ മാളിൽ സെക്യൂരിറ്റി ജീവനക്കാരായി ജോലി നോക്കുന്നവരാണ്. മരോട്ടിച്ചോട് ജംഗ്ഷനിൽ ഒരു സംഘം ആളുകൾ മദ്യപിച്ച് വൻതോതിൽ ബഹളമുണ്ടാക്കുന്നു എന്ന വിവരത്തെ തുടർന്നാണ് കൺട്രോൾ റൂം വാഹനം സ്ഥലത്തെത്തുന്നത്. എന്നാൽ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ച പോലീസ് സംഘത്തിന് നേരെ യുവാക്കൾ അക്രമാസക്തരായി തട്ടിക്കയറുകയായിരുന്നു. തങ്ങൾ ജോലി ചെയ്യുന്ന മാളിലെ ചില തൊഴിൽ പ്രശ്നങ്ങളിൽ പോലീസ് ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥരോടുള്ള രോഷപ്രകടനം.
വാക്കുതർക്കത്തിന് പിന്നാലെ യുവാക്കൾ പോലീസിന് നേരെ കല്ലെറിയാൻ തുടങ്ങി. സ്ഥിതിഗതികൾ കൈവിട്ടുപോയതോടെ കൺട്രോൾ റൂം സംഘം കൂടുതൽ പോലീസ് സേനയെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് നടത്തിയ ശക്തമായ ബലപ്രയോഗത്തിനൊടുവിലാണ് അഞ്ചംഗ സംഘത്തെ പോലീസ് കീഴ്‌പ്പെടുത്തിയത്. ഈ പിടിവലിക്കിടയിലാണ് എസ്എച്ച്ഒ ഉദയകുമാറിന്റെ കൈവിരലിന് പരിക്കേറ്റത്. കസ്റ്റഡിയിലെടുത്ത അഞ്ച് പ്രതികളെയും വൈദ്യപരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പോലീസിനെ ആക്രമിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുക്കുമെന്ന് കളമശേരി പോലീസ് അറിയിച്ചു.



