ബിനീഷ് കോടിയേരിക്ക് സിപിഎം അംഗത്വം; ‘വെൽക്കം ബാക്ക് കോമ്രേഡ്’ എന്ന് നടൻ വിനായകൻ

സിപിഎം പാർട്ടി അംഗത്വം തിരികെ ലഭിച്ച ബിനീഷ് കോടിയേരിക്ക് ആശംസകളുമായി നടൻ വിനായകൻ. ഫെയ്‌സ്ബുക്കിലൂടെയാണ് വിനായകൻ ബിനീഷിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചിത്രമുള്ള ബിനീഷിന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ‘വെൽക്കം ബാക്ക് കോമ്രേഡ്’ എന്നാണ് വിനായകൻ കുറിച്ചത്.
മൂന്നുവർഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ അംഗത്വം പാർട്ടി പുതുക്കി നൽകിയത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത് വിവാദമായിരുന്നു. പിണറായി വിജയൻ ഇടപെട്ടാണ് അംഗത്വം പുതുക്കിയതെന്നാണ് വിവരം.
ലഹരിക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ബിനീഷിന്റെ അംഗത്വം റദ്ദാക്കിയത്. തുടർന്ന്, 2023-ൽ കേസിൽ നിന്നും പൂർണമായും കുറ്റവിമുക്തനായി. എന്നാൽ അതിനുശേഷവും പാർട്ടി അംഗത്വം പുതുക്കിനൽകാൻ തയ്യാറായിരുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കാരണമാണ് അംഗത്വം പുതുക്കിനൽകാതിരുന്നത്.



