“എന്തുകൊണ്ട് വീഴ്ചകൾ സംഭവിക്കുന്നു?”…. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയ്ക്കും കേന്ദ്രത്തിനും നേരെ സുപ്രീംകോടതി

രാജ്യത്തെ ഞെട്ടിച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചാക്കേസിൽ ദേശീയ പരീക്ഷാ ഏജൻസിക്കും കേന്ദ്ര സർക്കാരിനുമെതിരെ കടുത്ത ചോദ്യങ്ങളുമായി സുപ്രീംകോടതി. പരീക്ഷാ നടത്തിപ്പിൽ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഗുരുതര വീഴ്ചകൾ തുടർച്ചയായി സംഭവിക്കുന്നതെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ ചോദിച്ചു. കേസിൽ ആറാഴ്ചയ്ക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. ചോദ്യപേപ്പർ ചോർച്ചയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

ചോദ്യപേപ്പർ ചോർച്ച എങ്ങനെ സംഭവിച്ചു, നിലവിലെ മേൽനോട്ട സമിതികൾ കൃത്യമായ പരിശോധനകൾ നടത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് കോടതി ആവശ്യപ്പെട്ടു. കൂടാതെ, യുപിഎസ്‌സി അടക്കമുള്ള കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്തുന്ന രാജ്യത്തെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് എൻടിഎ പാഠങ്ങൾ ഉൾക്കൊള്ളണമെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ഭാവിയിലെ പരീക്ഷാ പരിഷ്കരണങ്ങൾക്കായി നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതി ചെയർമാൻ കെ. രാധാകൃഷ്ണൻ കോടതിയിൽ നിലവിലെ പുരോഗതികൾ വിശദീകരിച്ചു.

പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കാൻ ഹ്രസ്വകാലത്തേക്ക് മുന്നോട്ടുവെച്ച 60 ശുപാർശകളിൽ ഭൂരിഭാഗവും ഇതിനോടകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി വിപുലമായ സുരക്ഷാ അവലോകന യോഗങ്ങൾ ചേരുന്നുണ്ടെന്നും സമിതി വ്യക്തമാക്കി. അതിനിടെ, നീറ്റ് പുനഃപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഡൽഹി സർക്കാർ വലിയൊരു ആശ്വാസ നടപടി പ്രഖ്യാപിച്ചു. പരീക്ഷാ ദിവസം വിദ്യാർത്ഥികൾക്ക് എല്ലാ ഡിടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. പരീക്ഷാർത്ഥികൾക്ക് തങ്ങളുടെ നീറ്റ് പരീക്ഷാ അഡ്മിറ്റ് കാർഡ് കാണിച്ചുകൊണ്ട് ഈ സൗജന്യ യാത്രാ സൗകര്യം പ്രയോജനപ്പെടുത്താം. വരാനിരിക്കുന്ന പുനഃപരീക്ഷ എങ്ങനെയെങ്കിലും കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാനുള്ള കഠിനശ്രമത്തിലാണ് കേന്ദ്ര സർക്കാരും എൻടിഎയും. സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേന്ദ്രം സമർപ്പിക്കുന്ന സത്യവാങ്മൂലം ഈ കേസിൽ നിർണ്ണായകമാകും.

Related Articles

Back to top button