‘വീണയുടെ ഒരു അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്, നിങ്ങൾ പറയുന്ന വലിയ നമ്പറൊന്നുമില്ല’…. ED റെയ്ഡിൽ മറുപടിയുമായി പിണറായി വിജയൻ

തിരുവനന്തപുരം: വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ സിഎംആർഎൽ-എക്സാലോജിക് കേസിലെ ഇ.ഡി റെയ്ഡിൽ ഒടുവിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പരിശോധനകളുടെ ഭാഗമായി മകൾ വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെയുള്ള വലിയ തുകകളൊന്നും ആ അക്കൗണ്ടിൽ ഇല്ലെന്നും, പരിശോധനയ്ക്കിടെ ഇ ഡി ഉദ്യോഗസ്ഥർ തന്നോട് ഒന്നും ചോദിച്ചില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
അതേസമയം, റെയ്ഡിനിടെ ഇ ഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ല് തകർത്തതുൾപ്പെടെ സിപിഎം അണികൾ നടത്തിയ പ്രതിഷേധങ്ങളെ പ്രതിപക്ഷ നേതാവ് ന്യായീകരിച്ചു. അവിടെ ആളുകൾ തികച്ചും ശാന്തമായാണ് ഇരുന്നതെന്നായിരുന്നു അക്രമസംഭവങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മറുപടി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മൗനം തുടരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘മുഖ്യമന്ത്രി പ്രതികരിക്കാത്തത് എന്താണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം, അത് ഞാൻ പറയേണ്ടതല്ലല്ലോ’ എന്ന് പിണറായി വിജയൻ വ്യക്തമാക്കി.
ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പകപോക്കലുകൾക്കെതിരെ കോൺഗ്രസ് സ്വീകരിക്കുന്ന സങ്കുചിത നിലപാടുകളെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. ബിജെപിയുടെ ഇത്തരം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള നീക്കങ്ങൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പരമാവധി യോജിച്ച് നിൽക്കണമെന്നും, അതിനോട് കോൺഗ്രസ് ഇപ്പോഴും സങ്കുചിതമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും രാജ്യത്തിന്റെ വസ്തുതകൾക്ക് ചേരാത്ത നിലപാടാണ് ഇതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.



