“ഇത് നയപ്രഖ്യാപനമല്ല, നയരാഹിത്യ പ്രഖ്യാപനം”….. യുഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം വെറും ‘നയരാഹിത്യത്തിന്റെ പ്രഖ്യാപനം’ മാത്രമാണെന്ന കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്ത്. കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് സ്വീകരിക്കുന്ന അവഗണനകൾക്കെതിരെ നയപ്രഖ്യാപനത്തിൽ പൂർണ്ണ മൗനം പാലിച്ചെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. വികസന കാര്യങ്ങളിൽ കൃത്യമായ കാഴ്ചപ്പാടില്ലാത്തതും യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ നിന്ന് ഒളിച്ചോടുന്നതുമാണ് ഈ പ്രഖ്യാപനമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് ചോദിച്ചു വാങ്ങേണ്ട അവകാശങ്ങളെക്കുറിച്ച് ഒന്നും പറയാതെ ഇരുന്നതിലൂടെ കേരളത്തിന് അർഹതപ്പെട്ട കാര്യങ്ങൾ നഷ്ടപ്പെടാൻ പുതിയ സർക്കാർ ഇടയാക്കുകയാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. 5,429 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പ് വച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ അധികാരം ഒഴിഞ്ഞത്. എന്നാൽ പുതിയ സർക്കാർ ഈ യാഥാർത്ഥ്യം ബോധപൂർവ്വം മറച്ചുവെക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തിന്റെ പൊതു കടം അഞ്ച് ശതമാനം കുറയ്ക്കാൻ കഴിഞ്ഞിരുന്നു. കടത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ആദ്യത്തെ 15 സംസ്ഥാനങ്ങളുടെ പട്ടികയിൽ പോലും കേരളമില്ല. പുതിയ സർക്കാർ ധവളപത്രം ഇറക്കട്ടെ, കൂടുതൽ കാര്യങ്ങൾ ആ സമയത്ത് വ്യക്തമാക്കാം. ഏത് സാമ്പത്തിക വെല്ലുവിളിയും നേരിടാൻ പര്യാപ്തമായ ഖജനാവാണ് എൽഡിഎഫ് കൈമാറിയത്.

കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്ന് വെറുതെ പറയുന്നതല്ലാതെ അത് എങ്ങനെ സാധ്യമാക്കുമെന്ന റൂട്ട് മാപ്പോ വ്യക്തതയോ നയപ്രഖ്യാപനത്തിൽ എങ്ങുമില്ല. കേരളത്തിന്റെ മുഖച്ഛായ മാറ്റിയ കുടുംബശ്രീ പോലുള്ള ജനകീയ മിഷനുകളോട് നയപ്രഖ്യാപനത്തിൽ വല്ലാത്ത മൗനമാണ് സർക്കാർ പാലിച്ചത്. എൽഡിഎഫ് സർക്കാർ തുടക്കമിട്ട അതിദാരിദ്ര്യമുക്ത സംസ്ഥാന പദ്ധതിയുടെ അടുത്ത ഘട്ടത്തെക്കുറിച്ച് ഒരു പരാമർശവും നടത്താൻ യുഡിഎഫ് സർക്കാർ തയ്യാറായിട്ടില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. എല്ലാ സാമ്പത്തിക ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടുന്നതും കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുന്നതുമായ സമീപനമാണ് പുതിയ സർക്കാരിന്റേതെന്നും ജനങ്ങൾക്ക് ആശ്വാസകരമായ നടപടികൾ തകർക്കാനേ ഇത് ഉപകരിക്കൂ എന്നും പ്രതിപക്ഷം ആരോപിച്ചു.

Related Articles

Back to top button