ഡൈനിംഗ് ടേബിളിൽ നിന്ന് വീണ് കോഴിക്കോട് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം!

കോഴിക്കോട്: അത്തോളിയിൽ ഡൈനിംഗ് ടേബിളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരി മരിച്ചു. മീത്തലെ ചാലക്കൽ സുബിൻ പ്രേം – അഭിരാമി ദമ്പതികളുടെ മകൾ അലംകൃത (അല്ലി) ആണ് ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം സംഭവിച്ചത്. ഡൈനിംഗ് ടേബിളിൽ കയറിയ കുട്ടി അബദ്ധത്തിൽ നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും കുട്ടി ബോധരഹിതയായ നിലയിലായിരുന്നു. അലംകൃതയ്ക്ക് സാധാരണയായി ഡൈനിംഗ് ടേബിളിൽ കയറുന്ന ശീലം പതിവായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
അപകടം നടന്ന ഉടൻ തന്നെ വീട്ടുകാർ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലർച്ചെയോടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്.



