ഗ്രൂപ്പ് ഇല്ലാതെയും കോൺഗ്രസിന് എംഎൽഎമാരും മന്ത്രിമാരും ഉണ്ടാകാമെന്ന് കാണിച്ചുതന്നു…സതീശന് നന്ദി…M N കാരശ്ശേരി…

ഗ്രൂപ്പ് ഇല്ലാതെയും കോണ്‍ഗ്രസിന് നേതാക്കന്മാരും എംഎല്‍എമാരും മന്ത്രിമാരും ഉണ്ടാകാമെന്ന് വി ഡി സതീശന്‍ കാണിച്ചുതന്നുവെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എം എന്‍ കാരശ്ശേരി. അതിനുള്ള നന്ദി കോണ്‍ഗ്രസുകാരനല്ലാത്ത തനിക്കുണ്ടെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു. കോഴിക്കോട് മുഖ്യമന്ത്രി സതീശന് ഒരുക്കിയ പൗരാവലിയുടെ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കാരശ്ശേരി. വിദ്യാഭ്യാസ രംഗത്ത് ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യവും കാരശ്ശേരി മുഖ്യമന്ത്രിക്ക് മുന്നില്‍വെച്ചു.

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം വളരെ താഴെയാണെന്ന് കാരശ്ശേരി ചൂണ്ടിക്കാട്ടി. പരീക്ഷ എഴുതാതെ, മാര്‍ക്ക് കിട്ടാതെ ഇത്ര ശതമാനം കുട്ടികള്‍ ജയിക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്ന പരീക്ഷാ സമ്പ്രദായം നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിലവിലുണ്ട്. എ പ്ലസ് കിട്ടുന്ന കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്നുപറഞ്ഞത് താനല്ല, ഡിപിഐയാണ്. പന്ത്രണ്ട് കൊല്ലം മലയാളം പാഠാവലിയില്‍ മലയാളം അക്ഷരമാല ഉണ്ടായിരുന്നില്ല.

അത് സഭയില്‍ എങ്ങനെയാണ് പ്രശ്‌നമായതെന്ന് സതീശന് ഓര്‍മയുണ്ടാകും. വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് പഠിക്കാനും പരിഷ്‌ക്കരിക്കാനും ഒരു കമ്മിറ്റിയെയോ കമ്മീഷനെയോ വെയ്ക്കണം. കഴിയുന്നതിലും വേഗം ഇത് ചെയ്യണമെന്നും കാരശ്ശേരി പറഞ്ഞു. പത്താം ക്ലാസും പ്ലസ് ടുവും പാസായ കുട്ടികളെ നിരക്ഷതയില്‍ നിന്ന് രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും ഒരു അധ്യാപകന്റെ അപേക്ഷയാണിതെന്നും കാരശ്ശേരി പറഞ്ഞു.

Related Articles

Back to top button