‘ഹാപ്പി ലാൻഡിൽ സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച….. സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് ഉൾപ്പെടെ പരിശോധിക്കും’…. മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: വെമ്പായം ‘ഹാപ്പി ലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് വിനോദസഞ്ചാരികൾക്ക് പരിക്കേറ്റ സംഭവത്തിൽ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. പാർക്കിനെതിരെ വലിയ രീതിയിലുള്ള സുരക്ഷാ വീഴ്ച ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ, സംഭവത്തിൽ കൃത്യമായ പരിശോധനയും കർശന നടപടികളും സ്വീകരിക്കുമെന്ന് ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉറപ്പുനൽകി. അപകടത്തെക്കുറിച്ച് അറിഞ്ഞയുടൻ തന്നെ ശിശുക്ഷേമ വകുപ്പ് ഡയറക്ടറുമായി സംസാരിച്ച് അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
ഹാപ്പി ലാൻഡിൽ ഉണ്ടായത് പൂർണ്ണമായും മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള സുരക്ഷാവീഴ്ചയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ ജയന്റ് വീൽ റൈഡിന്റെ വെൽഡിങ് പൊട്ടി താഴേക്ക് പതിച്ചതിനെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് വിനോദസഞ്ചാരികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. അപകടം നടന്നയുടൻ രക്ഷാപ്രവർത്തനം നടത്താൻ മാനേജ്മെന്റ് തയ്യാറാകാതിരുന്നതും, പരിക്കേറ്റവരെ മാറ്റാൻ ആംബുലൻസ് സൗകര്യം ഒരുക്കാതിരുന്നതും വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. മാനേജ്മെന്റിന്റെ കടുത്ത നിരുത്തരവാദപരമായ സമീപനമാണ് അപകടത്തിന്റെ ആഘാതം കൂട്ടിയതെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരും ആരോപിക്കുന്നു. ഇതിന് പിന്നാലെ സ്ഥലം എം.എൽ.എ ഉൾപ്പെടെയുള്ളവർ കടുത്ത നിലപാടുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ ശിശുക്ഷേമ വകുപ്പും നേരിട്ട് അന്വേഷണത്തിലേക്ക് കടന്നതോടെ ഹാപ്പി ലാൻഡ് പാർക്ക് അധികൃതർ വലിയ നിയമനടപടികൾ നേരിടേണ്ടി വരും.



