വിജിലൻസിലെ നിർണായക വിവരങ്ങൾ ഇനി രഹസ്യം… ടി1, ടി2 സെക്ഷനുകളെ…

സംസ്ഥാന വിജിലൻസിലെ നിർണായക വിവരങ്ങൾ ഇനി പൊതുജനങ്ങൾക്ക് ലഭ്യമാകില്ല. വിജിലൻസിന്റെ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ (RTI) പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇതോടെ സംസ്ഥാനത്തെ ബാധിക്കുന്ന അതീവ നിർണായക വിവരങ്ങളും രേഖകളും ആർ.ടി.ഐ വഴി ലഭിക്കാത്ത സാഹചര്യമാണ് വന്നിരിക്കുന്നത്.
സംസ്ഥാനത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകൾ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും ടി1, ടി2 സെക്ഷനുകളാണ്. മിനിസ്റ്റീരിയൽ എക്സിക്യൂട്ടീവിനും ലീഗൽ സ്റ്റാഫുകൾക്കും ഒപ്പം ഉയർന്ന സുരക്ഷയുള്ള വ്യക്തിഗത ഫയലുകളും കൈകാര്യം ചെയ്യുന്നത് ടി സെക്ഷനാണ്. കൂടാതെ, വിജിലൻസ് ഉദ്യോഗസ്ഥരുടെ പ്രതിവാര ഡയറികൾ പ്രോസസ് ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രധാന പ്രവർത്തനങ്ങൾ നടക്കുന്നത് ടി2 സെക്ഷനിലാണ്. കഴിഞ്ഞ 2022ൽ വിവരവകാശത്തിന്റെ പരിധിയിൽ കൊണ്ടുവന്ന മുൻകാല ഉത്തരവാണ് സർക്കാർ ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഏതെല്ലാം കേസുകളാണ് രഹസ്യ വിഭാഗത്തിലേക്ക് മാറ്റേണ്ടത് എന്ന് ഇനി മുതൽ വിജിലൻസ് വകുപ്പ് തന്നെയാകും തീരുമാനിക്കുക. സുപ്രധാന വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവെക്കാനുള്ള നീക്കമാണിതെന്ന ആക്ഷേപവും ഇതിനോടകം ഉയരുന്നുണ്ട്.



