പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസ്… കെഎസ്‌യുവിന്റെ തലയിൽ കെട്ടിവെക്കാൻ കത്തെഴുതി…. പിന്നിൽ വൻ ഗൂഢാലോചനയെന്ന് കുടുംബം

ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ വിവേകിന്റെ വീട്ടുപറ്റത്തിരുന്ന ബൈക്ക് പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ പിടിയിലായ രണ്ട് യുവതികളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. കേസിൽ ശൂരനാട് സ്വദേശി ആരതി രാജ് (26), ഇടുക്കി സ്വദേശി ഗായത്രി മോഹനൻ (26) എന്നിവരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും സംഭവത്തിന് പിന്നിലെ ദുരൂഹതകൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് കോച്ചിങ്‌ സെൻററിൽ പഠിക്കുന്ന യുവതികൾക്ക് ആർച്ചലിലെ വിവേകിന്റെ വീട്ടിലെത്താൻ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, പ്രതിയായ ആരതിക്ക് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ എലിവിഷം എവിടെനിന്ന് ലഭിച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് പോലീസ് ഉത്തരം തേടുകയാണ്.

ആരതി രാജും പോലീസുകാരനായ വിവേകും തമ്മിലുള്ള വിവാഹബന്ധം മുടങ്ങിയതാണ് പ്രതികാരത്തിന് കാരണണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ വിവാഹ ആലോചനയിൽ നിന്ന് തങ്ങൾ പിന്മാറാനുണ്ടായ കാരണത്തെക്കുറിച്ച് വിവേകിന്റെ അച്ഛൻ വേണു വെളിപ്പെടുത്തി. അഞ്ചുമാസം മുൻപാണ് ആരതി രാജുമായി മകന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ആലോചന സമയത്ത് അവൾ പി.എസ്‌.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഉടൻ ജോലി ലഭിക്കുമെന്നുമാണ് കുടുംബം ഞങ്ങളെ വിശ്വസിപ്പിച്ചത്. എന്നാൽ പിന്നീട് ഇത് ഞങ്ങളെ വഞ്ചിക്കാൻ പറഞ്ഞതാണെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ ഞങ്ങൾ തീരുമാനിച്ചത്. നിശ്ചയച്ചടങ്ങിനായി അവർക്ക് വന്ന ചെലവുകൾ കണക്കാക്കി 2.5 ലക്ഷം രൂപ നഷ്ടപരിഹാരമായി ഞങ്ങൾ നൽകുകയും ചെയ്തു. ഈ തുക കൈമാറിയത് സ്റ്റാമ്പ് പേപ്പറിൽ കൃത്യമായി രേഖപ്പെടുത്തിയതുമാണ് എന്ന് വേണു പറഞ്ഞു.

വിവാഹപ്പക വ്യക്തിപരമായി തീർത്ത ശേഷം, അന്വേഷണം രാഷ്ട്രീയ പകപോക്കലാക്കി മാറ്റാൻ യുവതികൾ ആസൂത്രിത ശ്രമം നടത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വിവേകിന്റെ വീട്ടുപടിക്കൽ ഒരു വിദ്യാർത്ഥി സംഘടനയുടെ പേരിൽ ഭീഷണിക്കത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. “ഞങ്ങൾ തിരിച്ചുവരില്ലെന്നു കരുതിയോ നീ…” എന്നായിരുന്നു കത്തിലെ വാചകങ്ങൾ. മൂന്ന് വർഷം മുൻപ് പുനലൂരിലെ കോളേജിൽ വെച്ച് എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ വലിയ ഏറ്റുമുട്ടൽ നടന്നിരുന്നു. അന്ന് ലാത്തിച്ചാർജ് നടത്തിയ പോലീസ് സംഘത്തിൽ വിവേകും ഉണ്ടായിരുന്നു. അന്ന് വിവേകിന്റെ ലാത്തിയടിയേറ്റ് ചില കെ.എസ്‌.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഈ പഴയ രാഷ്ട്രീയ സംഭവം മുൻനിർത്തി, ബൈക്ക് കത്തിക്കൽ രാഷ്ട്രീയ പകപോക്കലാണെന്ന് വരുത്തിത്തീർക്കാനാണ് യുവതികൾ കത്തെഴുതിവെച്ചത്. കെ.എസ്‌.യു, യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരുടെ തലയിൽ കേസ് കെട്ടിവെച്ച് രക്ഷപ്പെടാനായിരുന്നു ഈ നീക്കം. ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ ഗൂഢാലോചനകൾ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button