‘പരിക്കേറ്റവരെ കൊണ്ടുപോയത് മാലിന്യ വണ്ടിയിൽ…. രക്ഷാപ്രവർത്തനം വൈകിപ്പിച്ചു’… ഹാപ്പി ലാൻഡിനെതിരെ നാട്ടുകാരുടെ കടുത്ത പ്രതിഷേധം

തിരുവനന്തപുരം: വെമ്പായം ‘ഹാപ്പി ലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിലുണ്ടായ ഭീതിജനകമായ റൈഡ് അപകടത്തിന് പിന്നാലെ പാർക്ക് അധികൃതർക്കെതിരെയും സുരക്ഷാ വീഴ്ചയ്ക്കെതിരെയും വ്യാപക പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. റൈഡ് പൊട്ടി വീണ് അപകടമുണ്ടായിട്ടും മണിക്കൂറുകളോളം രക്ഷാപ്രവർത്തനം ആരംഭിക്കാൻ പാർക്ക് അധികൃതർ തയ്യാറായില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. നാല് മണിക്കൂറോളം രക്ഷാപ്രവർത്തനം വൈകിയെന്നും, വൻ അപകടം നടന്നിട്ടും പാർക്കിലുണ്ടായിരുന്ന മറ്റ് ആളുകളെ വേഗത്തിൽ ഒഴിപ്പിക്കാൻ പോലും മാനേജ്മെന്റ് ശ്രമിച്ചില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
ആംബുലൻസ് എത്താൻ കടുത്ത വിയ്യാസം നേരിട്ടതിനെ തുടർന്ന്, അപകടത്തിൽ ചോരയൊലിപ്പിച്ചു കിടന്ന പരിക്കേറ്റവരെ പാർക്കിലെ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലാണ് ആശുപത്രിയിലേക്ക് എത്തിച്ചതെന്ന ഞെട്ടിക്കുന്ന വിവരവും നാട്ടുകാർ മാധ്യമങ്ങളോട് പങ്കുവെച്ചു. പാർക്കിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് ഇത്രയും വലിയൊരു ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ജയന്റ് വീൽ പോലെയുള്ള റൈഡിന്റെ പല ഭാഗങ്ങളും ദ്രവിച്ച് തുരുമ്പെടുത്ത നിലയിലായിരുന്നു. ഈ റൈഡിന്റെ പ്രധാന ഭാഗത്തെ വെൽഡിങ് പെട്ടെന്ന് പൊട്ടിയതാണ് റൈഡ് തകർന്നു താഴേക്ക് പതിക്കാൻ കാരണമായത്.
ഒരേസമയം 15-ഓളം പേർ ഈ റൈഡിൽ കയറിയതാണ് പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായതെന്നും വിവരമുണ്ട്. അപകടം നടക്കുന്ന സമയത്ത് ആകെ 26 പേർ ഈ റൈഡിൽ ഉണ്ടായിരുന്നു. റൈഡിന്റെ തകരാറുകളെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്താൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഗുരുതര വീഴ്ചയുടെ പശ്ചാത്തലത്തിൽ ഹാപ്പി ലാൻഡിന്റെ പ്രവർത്തനം പോലീസ് താൽക്കാലികമായി നിർത്തിവെപ്പിച്ചു. അപകടത്തിൽ പരിക്കേറ്റവരിൽ രണ്ടുപേർ കുട്ടികളാണ്. തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ ഒരേ കുടുംബത്തിലെ അഞ്ച് പേർക്കാണ് റൈഡ് തകർന്നുവീണ് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും ശരീരത്തിനും മാരകമായി പരിക്കേറ്റ ഇവരെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.



