ഇഡി ആക്രമണം ആഭ്യന്തര വകുപ്പിന് നാണക്കേട്…. രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി ഡിജിപിയുടെ വിശദീകരണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിന് പിന്നാലെയുണ്ടായ കനത്ത അക്രമ സംഭവങ്ങളിൽ ആഭ്യന്തര വകുപ്പ് കടുത്ത പ്രതിരോധത്തിലായതോടെ, സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയിലെത്തി നേരിട്ട് വിശദീകരണം നൽകി. ഇന്ന് രാവിലെയായിരുന്നു അതീവ നിർണ്ണായകമായ ഈ കൂടിക്കാഴ്ച. ഡി.ജി.പിക്കൊപ്പം ഇന്റലിജൻസ് ഐ.ജി പി. വിജയൻ, ആഭ്യന്തര മന്ത്രിയുടെ പോലീസ് ഉപദേഷ്ടാവും മുൻ ഡി.ജി.പിയുമായ ഹേമചന്ദ്രൻ എന്നിവരും മന്ത്രിയുടെ വസതിയിൽ എത്തിയിരുന്നു. സംഭവത്തിൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് കർശനമായി പരിശോധിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി.ജി.പി മാധ്യമങ്ങളോട് വ്യക്തമാക്കി.
അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യമില്ലെന്നും ഡി.ജി.പി റവാഡ ചന്ദ്രശേഖർ പറഞ്ഞു. തിരുവനന്തപുരത്തുണ്ടായ അരാജകത്വം യു.ഡി.എഫ് സർക്കാരിനും ആഭ്യന്തര വകുപ്പിനും ദേശീയതലത്തിൽ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥർ തെരുവിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരും ഗവർണ്ണറും സംസ്ഥാന സർക്കാരിനോട് അടിയന്തര വിശദീകരണം തേടിക്കഴിഞ്ഞു. ഇതിന് കൃത്യമായ മറുപടി നൽകാൻ ആഭ്യന്തര വകുപ്പിന് നിയമപരമായ ബാധ്യതയുണ്ട്. ഇ.ഡിക്ക് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകുമോ എന്ന കടുത്ത ആശങ്ക ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പിയുമായി പങ്കുവെച്ചു. ആഭ്യന്തര മന്ത്രിക്ക് പോലീസിന് മേൽ കൃത്യമായ നിയന്ത്രണമില്ലെന്ന വിമർശനം ഭരണപക്ഷത്തിനുള്ളിൽ തന്നെ ശക്തമായിട്ടുണ്ട്. നിലവിലെ യു.ഡി.എഫ് ഭരണത്തിലും പോലീസിലെ വലിയൊരു വിഭാഗം ഇപ്പോഴും മുൻ ഇടതുപക്ഷ സർക്കാരിന്റെ സ്വാധീനത്തിലാണ് പ്രവർത്തിക്കുന്നതെന്ന ആക്ഷേപമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്.
ഇന്നലെയുണ്ടായ സംഭവങ്ങൾ പോലീസിന്റെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് ആഭ്യന്തര മന്ത്രിക്ക് പൂർണ്ണമായി ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ തലസ്ഥാനത്തെ പോലീസ് സംവിധാനത്തിൽ വൻ പൊളിച്ചെഴുത്തിന് സർക്കാർ ഒരുങ്ങുകയാണ്. വിദേശത്തുള്ള മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അഴിച്ചുപണി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കും. തിരുവനന്തപുരത്തെ ഇ.ഡി പരിശോധന സംബന്ധിച്ച് തനിക്ക് യാതൊരുവിധ മുൻകൂർ വിവരവും ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവർത്തിച്ചു വ്യക്തമാക്കുന്നു. ഇതിനിടെ, ഇ.ഡിയുടെ നിലവിലെ അന്വേഷണ പരിധിയിൽ ഇപ്പോഴത്തെ യു.ഡി.എഫ് മന്ത്രിസഭയിലെ ചില പ്രമുഖ മന്ത്രിമാർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന തരത്തിലുള്ള അതീവ ഗൗരവമുള്ള ചർച്ചകളും ആഭ്യന്തര വകുപ്പിന്റെ ഉന്നതതല യോഗത്തിൽ ഉയർന്നതായാണ് സൂചനകൾ.



