“ഗർഭിണിയാണെന്ന് അറിഞ്ഞില്ല, വയറ്റിൽ കൊഴുപ്പാണെന്ന് കരുതി; കുഞ്ഞിനെ വേണ്ട”….. നവജാതശിശുവിനെ ജനലിലൂടെ എറിഞ്ഞ സംഭവത്തിൽ യുവതിയുടെ മൊഴി പുറത്ത്

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രസവിച്ച ഉടൻ നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പത്തൊൻപതുകാരിയായ യുവതിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ജനിച്ച പെൺകുഞ്ഞിനെ തനിക്ക് വേണ്ടെന്ന് യുവതി ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഔദ്യോഗികമായി അറിയിച്ചു. നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ സി.ഡബ്ല്യു.സി അധികൃതർ സന്ദർശിച്ചപ്പോഴാണ് ഈ വിവരങ്ങൾ പറഞ്ഞത്.

താൻ ഗർഭിണിയാണെന്ന വിവരം പ്രസവിക്കുന്നത് വരെ അറിഞ്ഞിരുന്നില്ലെന്നും, വയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടിയത് കൊണ്ടാണ് വയർ വീർത്തതെന്നാണ് കരുതിയതെന്നും യുവതി മൊഴി നൽകി. എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്തുവരികയായിരുന്നു യുവതിയെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അവിടെവെച്ച് പരിചയപ്പെട്ട ഒരു ഇതര സംസ്ഥാനക്കാരനായ യുവാവുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് യുവതി സമ്മതിച്ചു. എന്നാൽ അടുത്ത കാലത്തായി അയാളുമായി യാതൊരു ബന്ധവുമില്ലെന്നും, താൻ ഗർഭിണിയായതോ പ്രസവിച്ചതോ ആയ കാര്യങ്ങൾ അയാൾ അറിഞ്ഞിട്ടുണ്ടാകില്ലെന്നും യുവതി പറയുന്നു.

യുവതിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലാണ്. അച്ഛനും അനുജത്തിയും മാത്രമാണ് വീട്ടിലുള്ളത്. കഴിഞ്ഞ മൂന്ന് മാസമായി യുവതിയും വീട്ടിൽ തന്നെയുണ്ടായിരുന്നു. വയറ്റിലെ അസുഖത്തിന് വണ്ടാനം മെഡിക്കൽ കോളേജിൽ നിന്ന് മരുന്ന് വാങ്ങിയിട്ടുണ്ടെന്നും അത് കഴിക്കാനാണ് താൻ വീട്ടിൽ നിൽക്കുന്നതെന്നുമാണ് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ വീട്ടുകാർക്കും ഗർഭവിവരത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുന്നതോടെ കുഞ്ഞിനെ ആലപ്പുഴയിലെ ശിശുവിഹാറിലേക്ക് മാറ്റാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനിച്ചു. ശിശുവിഹാറിൽ കുഞ്ഞിനെ 60 ദിവസം പ്രത്യേകമായി പരിചരിക്കും. ഈ സമയപരിധിക്കുള്ളിൽ കുഞ്ഞിനെ തിരികെ വേണമെന്ന് അമ്മയ്ക്ക് തോന്നുകയാണെങ്കിൽ നിയമപരമായി കൊണ്ടുപോകാൻ അവകാശമുണ്ടാകും. 60 ദിവസത്തെ ഈ സമയപരിധി കഴിഞ്ഞാൽ കുഞ്ഞിനെ പൂർണ്ണമായും ശിശുക്ഷേമസമിതി ഏറ്റെടുക്കുകയും നിയമപരമായ ദത്തെടുക്കൽ നടപടികളിലേക്ക് നീങ്ങുകയും ചെയ്യും. അതിനുശേഷം അമ്മയ്ക്ക് കുഞ്ഞിന്മേൽ യാതൊരു അവകാശവും ഉന്നയിക്കാനാവില്ല.

ആശുപത്രി ജീവനക്കാർ കുഞ്ഞുമായി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നതിനെതിരെ ചൈൽഡ് വെൽഫെയർ കമ്മിറ്റി കർശന മുന്നറിയിപ്പ് നൽകി. കുഞ്ഞിന്റെ ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. ഇതിനായി ചൈൽഡ് ലൈൻ വഴി പോലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കടുത്ത വയറുവേദനയെന്ന് പറഞ്ഞ് യുവതി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തുടർന്ന് ആശുപത്രി ശൗചാലയത്തിൽ വെച്ച് പ്രസവിക്കുകയും, പൂർണ്ണവളർച്ചയെത്തിയ പെൺകുഞ്ഞിനെ ജനൽ വഴി പുറത്തെ കാട്ടുപൊന്തയിലേക്ക് എറിയുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് ചോരക്കുഞ്ഞിനെ കണ്ടെത്തി അടിയന്തര ചികിത്സ നൽകി വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കുഞ്ഞിനെ മനഃപൂർവ്വം കൊല്ലാൻ ശ്രമിച്ചതിന് യുവതിക്കെതിരെ വധശ്രമത്തിന് പോലീസ് ഇതിനകം കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button