അധികാരമാറ്റത്തിന് മുൻപ് വനംവകുപ്പിൽ അതിവേഗ തീരുമാനങ്ങൾ; വിജിലൻസ് കണ്ടെത്തലുകളുടെയും അച്ചടക്ക നടപടികളുടെയും ഫയലുകൾ ഒത്തുതീർപ്പാക്കി

കോട്ടയം: പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് വനംവകുപ്പ് എടുത്ത ചില തീരുമാനങ്ങൾ വിവാദമാകുന്നു. വകുപ്പുതല അച്ചടക്കനടപടികൾ, വിജിലൻസ് അന്വേഷണങ്ങൾ, ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കേസുകളാണ് വേഗത്തിൽ തീർപ്പാക്കിയത്. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ വനം വിജിലൻസിന്റെ റിപ്പോർട്ടുകൾ തുടരന്വേഷണത്തിന് വിടാതെ അവസാനിപ്പിക്കുകയും ആരോപണവിധേയരായ ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കുകയും ചെയ്തു
ആര്യങ്കാവ് റേഞ്ചിൽ 20 ഉദ്യോഗസ്ഥർക്കെതിരെ ആരംഭിച്ച അച്ചടക്കനടപടികളാണ് പ്രധാനമായും അവസാനിപ്പിച്ചത്. കടമാൻപാറയിലെ തേക്കുതോട്ടം, ചന്ദനത്തോട്ടം, പൾപ്പ് വുഡ് തോട്ടം എന്നിവിടങ്ങളിൽ ജോലിചെയ്യാത്ത വാച്ചർമാർക്ക് ശമ്പളം നൽകിയതും വ്യാജരേഖകളും ബില്ലുകളും തയ്യാറാക്കിയതുമെന്ന കണ്ടെത്തലിനെ തുടർന്നാണ് 2021-ൽ നടപടി ആരംഭിച്ചത്. കാരണംകാണിക്കൽ നോട്ടീസ് നൽകിയ ശേഷമാണ് ഉദ്യോഗസ്ഥരെ മുഴുവൻ കുറ്റവിമുക്തരാക്കിയത്.
2018 ഏപ്രിൽ മുതൽ 2019 മാർച്ച് വരെ ഒരു ദിവസവും ജോലിക്ക് ഹാജരാകാത്ത വ്യക്തിക്ക് ശമ്പളം നൽകിയെന്ന കണ്ടെത്തൽ വകുപ്പ് തന്നെ ശരിവെച്ചിട്ടുണ്ട്. എന്നാൽ ഇത് സദുദ്ദേശ്യത്തോടെയാണെന്ന നിഗമനത്തിലാണ് ഇപ്പോൾ എത്തിയത്. ജോലിചെയ്യാത്ത മറ്റൊരു വാച്ചർക്ക് നാല് മാസത്തെ വേതനമായി 48,480 രൂപ നൽകിയതും കണ്ടെത്തിയെങ്കിലും, മുൻകാല സേവനം പരിഗണിക്കുമ്പോൾ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായതായി തെളിയിക്കാനാകില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.
ഇതിനിടെ, ഡയറക്ടറുടെ അനുമതിയില്ലാതെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്ക് സ്ട്രെസ് മാനേജ്മെന്റ് ക്ലാസുകൾ സംഘടിപ്പിച്ച അസിസ്റ്റന്റ് കൺസർവേറ്റർക്കെതിരായ നടപടിയും ‘ഉദാര സമീപനം’ സ്വീകരിച്ച് അവസാനിപ്പിച്ചു.
അതേസമയം, കോന്നി നടുവത്തുമൂഴി റേഞ്ചിലെ പാടം, കരിപ്പാൻതോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ തേക്കുമരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിൽ മേൽനോട്ടവീഴ്ച ആരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ ആരംഭിച്ച നടപടികളും ഏപ്രിൽ 18-ന് അവസാനിപ്പിച്ചു. വീഴ്ച ഉണ്ടായതായി അംഗീകരിച്ചെങ്കിലും പ്രതിയെ പിന്നീട് പിടികൂടിയ സാഹചര്യത്തിൽ അത് ‘നോട്ടപ്പിഴവ്’ മാത്രമാണെന്ന് കണക്കാക്കി നടപടി അവസാനിപ്പിക്കുകയായിരുന്നു.



