കാത്തിരിപ്പിനും കണ്ണീരിനും ഒടുവിൽ നീതി…. ഹർഷീന മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു…. ‘ഉറപ്പ് പാലിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ’

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം തീരാദുരിതം അനുഭവിച്ച ഹർഷീനയുടെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ശുഭകരമായ പരിസമാപ്തി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഓഫീസ് അസിസ്റ്റന്റായി ഹർഷീന ജോലിയിൽ പ്രവേശിച്ചു. മെഡിക്കൽ കോളജിലെ മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഹർഷീനയ്ക്ക് നിയമനം നൽകിയിരിക്കുന്നത്. തന്റെ അവസ്ഥയെ പുച്ഛിച്ചു തള്ളിയവർക്കുള്ള മറുപടിയാണ് ഈ ജോലി എന്നും, തന്നോടൊപ്പം കൂടെയുണ്ടാകുമെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി വി.ഡി. സതീശൻ പാലിച്ചുവെന്നും ഹർഷീന മാധ്യമങ്ങളോട് പ്രതികരിച്ചു.
2017-ൽ തുടങ്ങിയ ഹർഷീനയുടെ ദുരിതപൂർണ്ണമായ ജീവിതത്തിനാണ് ഒൻപത് വർഷങ്ങൾക്കിപ്പുറം ഭാഗികമായെങ്കിലും നീതി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രി വി.ഡി. സതീശനെയും ആരോഗ്യ മന്ത്രി കെ. മുരളീധരനെയും നേരിൽ കണ്ടതിന് പിന്നാലെയാണ് അടിയന്തരമായി നിയമന ഉത്തരവ് പുറത്തിറങ്ങിയത്. ജോലിക്ക് പുറമെ തന്റെ തുടർചികിത്സയും അർഹമായ നഷ്ടപരിഹാരവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി തനിക്ക് വാക്ക് നൽകിയിട്ടുണ്ടെന്നും ഹർഷീന വ്യക്തമാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങി. കടുത്ത വേദനയെത്തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു. കത്രിക ഇരുന്ന ഭാഗത്തെ അണുബാധയും വേദനയും കാരണം നിരവധി ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കും വിധേയയായി.
കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് നടന്ന വീഴ്ചയാണെന്ന് വ്യക്തമായിട്ടും തുടക്കം മുതൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പും അധികൃതരും സ്വീകരിച്ചത്. അർഹിക്കുന്ന നഷ്ടപരിഹാരമോ ചികിത്സാ ധനസഹായമോ നൽകാതെ ഹർഷീനയെ വർഷങ്ങളോളം തെരുവിൽ സമരത്തിലേക്ക് തള്ളിവിട്ടു. ആശ്വാസമാകേണ്ട ഭരണകൂടവും ഉദ്യോഗസ്ഥരും ഒന്നിച്ച് ഒരമ്മയ്ക്ക് നേരെ ഉണങ്ങാത്ത മുറിവുകൾ സമ്മാനിച്ചപ്പോൾ, തോറ്റുകൊടുക്കാൻ തയ്യാറാകാതെ നടത്തിയ ഒൻപത് വർഷത്തെ സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവിലാണ് ഹർഷീന ഇപ്പോൾ മെഡിക്കൽ കോളജിന്റെ പടികൾ ഔദ്യോഗികമായി കയറിയിരിക്കുന്നത്.



