പയ്യന്നൂർ സിപിഐഎമ്മിൽ തെരുവ് യുദ്ധം…. ഏരിയ കമ്മിറ്റി പിരിച്ചുവിടാൻ ആവശ്യപ്പെട്ട് വീണ്ടും ഫ്‌ളക്‌സ് ബോർഡുകൾ, നേതാക്കൾക്കെതിരെ രൂക്ഷവിമർശനം

കണ്ണൂർ: പയ്യന്നൂരിലെ സിപിഐഎമ്മിൽ പുകയുന്ന വിഭാഗീയതയും ആഭ്യന്തര തർക്കങ്ങളും പരസ്യമായ തെരുവ് യുദ്ധത്തിലേക്ക് വഴിമാറുന്നു. പാർട്ടി ഏരിയ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് നഗരത്തിൽ വീണ്ടും വ്യാപകമായി ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പയ്യന്നൂർ ഏരിയ കമ്മിറ്റി അടിയന്തരമായി പിരിച്ചുവിടണമെന്നാണ് ഫ്‌ളക്‌സുകളിലെ പ്രധാന ആവശ്യം.

‘നിങ്ങൾ തോൽപ്പിച്ചത് ഒരു വ്യക്തിയെയല്ല, പ്രസ്ഥാനത്തെയാണ്’ എന്ന ശക്തമായ വാചകത്തോടെയാണ് പുതിയ ബോർഡുകൾ ഉയർന്നിരിക്കുന്നത്. ഏരിയ സെക്രട്ടറി പി. സന്തോഷ്, മുൻ എംഎൽഎ സി. കൃഷ്ണൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർക്കെതിരെയാണ് ഫ്‌ളക്‌സിൽ നേരിട്ട് പേരെടുത്ത് പറഞ്ഞ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. ഏരിയ നേതാക്കൾ പയ്യന്നൂരിൽ വിഭാഗീയതയ്ക്ക് കൂട്ടുനിൽക്കുകയാണെന്നും, പാർട്ടി ജില്ലാ കമ്മിറ്റി ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ പയ്യന്നൂരിൽ പാർട്ടി തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകുമെന്നും ബോർഡുകളിൽ മുന്നറിയിപ്പ് നൽകുന്നു. ‘സേവ് സിപിഐഎം’ എന്ന പേരിലാണ് ഈ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി ഫണ്ട് വിവാദത്തിൽ നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണന് അഭിവാദ്യം അർപ്പിച്ച് ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കുഞ്ഞിമംഗലം തലായിമുക്കിൽ പി. ജയരാജന് പിന്തുണ പ്രഖ്യാപിച്ചും ബോർഡുകൾ ഉയർന്നത്. ‘ഞങ്ങളുണ്ട് കൂടെ അഭിവാദ്യങ്ങൾ’ എന്ന വാചകത്തോടൊപ്പം പി. ജയരാജന്റെ വലിയ ചിത്രവും ഉൾപ്പെടുത്തിയാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. വ്യക്തിപൂജ ഒഴിവാക്കുന്നതിന്റെ ഭാഗമായി നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കരുതെന്ന് സിപിഐഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഈ പാർട്ടി നിർദേശത്തെ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് അണികളുടെ ഭാഗത്തുനിന്ന് ഇപ്പോൾ പുതിയ ഫ്‌ളക്‌സ് ബോർഡുകൾ ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. മുൻപും കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ പി. ജയരാജനായി ഇത്തരത്തിൽ ഫ്‌ളക്‌സുകൾ ഉയർന്നിട്ടുള്ളത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

Related Articles

Back to top button