നവകേരള മർദ്ദനക്കേസ്: അന്വേഷണ റിപ്പോർട്ട് തിരുത്തിയിട്ടില്ലെന്ന് എഡിജിപി…. ‘രാഷ്ട്രീയ വൈരാഗ്യം’ എന്ന് ഗൺമാൻമാർ

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസിൽ നിർണായക നീക്കങ്ങൾ. കേസിന്റെ അന്വേഷണ റിപ്പോർട്ട് തിരുത്താൻ താൻ ആർക്കും നിർദേശം നൽകിയിട്ടില്ലെന്ന് എഡിജിപി എം.ആർ. അജിത് കുമാർ വ്യക്തമാക്കിയതായാണ് വിവരം. രേഖകൾ തിരുത്താൻ തന്റെ ഓഫീസിലെ ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടില്ലെന്നും, ഓഫീസിലെ ജീവനക്കാർ ആരെങ്കിലും ഇതിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം മാത്രമാണെന്നും എഡിജിപി ഉന്നത ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക വിശദീകരണം നൽകി.

എഡിജിപിയുടെ വാദങ്ങൾ തള്ളുന്ന തെളിവുകളും മൊഴികളുമാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും തിരുത്തിയെന്നാണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ എസ്‌ഐടിയ്ക്ക് നൽകിയിരിക്കുന്ന മൊഴി. മാത്രമല്ല, കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ വ്യക്തമായ ഡിജിറ്റൽ തെളിവുകളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത് എഡിജിപിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ്.

അതേസമയം, കേസിൽ പ്രതികളായ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങളും പുറത്തുവന്നു. തങ്ങൾക്കെതിരെയുള്ള കേസിന് പിന്നിൽ രാഷ്ട്രീയവും വ്യക്തിപരവുമായ വിരോധമാണെന്നാണ് ഗൺമാൻമാർ ജാമ്യാപേക്ഷയിൽ വാദിക്കുന്നത്. ഗൺമാൻമാരുടെ ജാമ്യാപേക്ഷയിലെ പ്രധാന വാദങ്ങൾ തങ്ങൾക്കെതിരെയുള്ള കേസ് പൂർണ്ണമായും കെട്ടിച്ചമച്ചതും വ്യാജവുമാണ്, നവകേരള യാത്രയ്ക്കിടെ ഡ്യൂട്ടിയുടെ ഭാഗമായാണ് പ്രവർത്തിച്ചത്, രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് കേസിൽ കുടുക്കിയിരിക്കുന്നത്, കേസിന്റെ പശ്ചാത്തലത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉടൻ തന്നെ ജാമ്യത്തിൽ വിട്ടയക്കണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിൽ, കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം ആഭ്യന്തര വകുപ്പിനും വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

Related Articles

Back to top button