ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങി…. വീഴ്ച വരുത്തിയ ഡോക്ടർ ഇപ്പോഴും സർവീസിൽ, നീതി തേടി സുമയ്യ പുതിയ സർക്കാരിലേക്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ ജനറൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ നീതി തേടി പുതിയ സർക്കാരിനെ സമീപിക്കാൻ ഒരുങ്ങി ഇരയായ സുമയ്യ. തനിക്ക് സംഭവിച്ച ഗുരുതരമായ മെഡിക്കൽ അനാസ്ഥയിൽ വീഴ്ച വരുത്തിയ ഡോക്ടർ ഇപ്പോഴും സർവീസിൽ തുടരുകയാണെന്നും, കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരിൽ കാണുമെന്നും സുമയ്യ പറഞ്ഞു.
മെഡിക്കൽ കോളേജിലെ വിദഗ്ധർ നടത്തിയ പരിശോധനയിൽ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ ഇനി പുറത്തെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചതായി സുമയ്യ വ്യക്തമാക്കുന്നു. വയർ പുറത്തെടുക്കാൻ മുൻപ് മെഡിക്കൽ കോളേജിൽ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. നിലവിൽ ആ വയർ ശരീരവുമായി ഒട്ടിപ്പോയ അവസ്ഥയിലാണ്. ‘ആ വയറുമായാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്. കടുത്ത ശ്വാസംമുട്ടുണ്ട്. കൃത്യമായി നടക്കാൻ പോലും സാധിക്കില്ല. ഇപ്പോഴും വീടും ആശുപത്രിയുമായി ജീവിതം തള്ളിനീക്കുകയാണ്. നിരന്തരം മരുന്ന് കഴിക്കണം. എന്നാൽ മരുന്ന് വാങ്ങാൻ പോലും ഇപ്പോൾ കയ്യിൽ പണമില്ലാത്ത അവസ്ഥയാണ്.‘— സുമയ്യ പറഞ്ഞു.
മുൻ സർക്കാരിന്റെ ഭാഗത്തുനിന്നും തനിക്ക് യാതൊരുവിധ നീതിയും ലഭിച്ചില്ലെന്ന് സുമയ്യ കുറ്റപ്പെടുത്തി. സംഭവം വാർത്തയായപ്പോൾ ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ച് അധികൃതർ കൈയൊഴിയുകയായിരുന്നു. കുറ്റക്കാർ ആരാണെന്ന് കണ്ടെത്താനോ അവർക്കെതിരെ നടപടിയെടുക്കാനോ കഴിഞ്ഞ സർക്കാർ തയ്യാറായില്ല. ഗുരുതര വീഴ്ച വരുത്തിയ ഡോ. രാജീവ് കുമാർ ഇപ്പോഴും യാതൊരു നടപടിയുമില്ലാതെ സർവീസിൽ തുടരുകയാണ്. ഇയാൾക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ നാളെ മറ്റൊരാൾക്കും ഇതേ അവസ്ഥ വരാമെന്നും സുമയ്യ ഓർമ്മിപ്പിച്ചു. ചികിത്സയ്ക്കും കേസ് നടത്താനുമായി വലിയ തുകയാണ് സുമയ്യയ്ക്ക് കടം വാങ്ങേണ്ടി വന്നത്. നിലവിൽ കോടതിയിൽ നിയമപോരാട്ടം തുടരുകയാണ്. പുതിയ സർക്കാരിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും, മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുമെന്നും സുമയ്യ പറഞ്ഞു. ഇനിയെങ്കിലും തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.



