ഓട്ടോയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽപ്പന…ആലുവയിൽ 59കാരൻ പിടിയിൽ…

കൊച്ചി: ആലുവയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വയോധികൻ പിടിയിൽ. ആലുവ തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (59) ആണ് പിടിയിലായത്. ഓട്ടോറിക്ഷയിൽ കൊണ്ടു നടന്നാണ് ഇയാൾ കഞ്ചാവ് വിറ്റിരുന്നത്. റൂറൽ ജില്ലാ ഡാൻസാഫ് സംഘമാണ് ഇയാളെ വലയിലാക്കിയത്.
തുരുത്ത് ഭാഗത്ത് ഓട്ടോയിൽ കൊണ്ടുനടന്ന് കഞ്ചാവ് വിൽക്കുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്. പിടികൂടുമ്പോൾ നസീറിന്റെ കൈവശം 18 പൊതികളിലായി 200 ഗ്രാം കഞ്ചാവും ഉണ്ടായിരുന്നു.ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം രണ്ട് ദിവസമായി നിരീക്ഷണത്തിലായിരുന്നു. ആലുവ, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിലായി നിരവധി ലഹരി മരുന്ന് കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.



