കുഞ്ഞ് അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണ പുതുക്കി സപ്ലൈകോ; നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ചൊവ്വാഴ്ച

കേരളത്തിന്റെ നോവായി മാറിയ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥം സപ്ലൈകോ പുറത്തിറക്കുന്ന നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം നാളെ (ചൊവ്വാഴ്ച) നടക്കും. എറണാകുളം ഗസ്റ്റ് ഹൗസിൽ ഉച്ചയ്ക്ക് 1:30-ന് നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിലാണ് സപ്ലൈകോ ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്.
മേയർ മിനിമോൾ വി.കെ. അധ്യക്ഷയാകുന്ന ചടങ്ങിൽ ആലിനിൻറെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ആദരിക്കും. ടിജെ വിനോദ് എംഎൽഎ, ഹൈബി ഈഡൻ എംപി, കോർപ്പറേഷൻ കൗൺസിലർ അഗസ്റ്റിൻ സെബാസ്റ്റ്യൻ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി എം, ജനറൽ മാനേജർ എം. യു ബിജു തുടങ്ങിയവർ പങ്കെടുക്കും. നോട്ടുബുക്കുകളുടെ കവർ ഡിസൈനിങ് പൂർത്തീകരിച്ച തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളെയും യോഗത്തിൽ അനുമോദിക്കും.



