‘എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരം.’… നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ സുപ്രീംകോടതി

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. മുൻപത്തെ വീഴ്ചകളിൽ നിന്ന് എൻടിഎ ഇനിയും പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമായ കാര്യമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിഷയം പരിഗണിച്ച ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച്, മൂന്ന് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാൻ എൻടിഎയ്ക്കും രാധാകൃഷ്ണൻ സമിതിക്കും കർശന നിർദേശം നൽകി. ചോദ്യപേപ്പർ ചോർച്ചയിൽ സുപ്രീംകോടതിയുടെ അടിയന്തര ഇടപെടൽ തേടി യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ടും ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷനും സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ ഈ ശക്തമായ ഇടപെടൽ. നിലവിലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ പൂർണ്ണമായും പിരിച്ചുവിടണമെന്നും, പരീക്ഷാ നടത്തിപ്പിൽ വലിയ രീതിയിലുള്ള ഘടനാപരമായ പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം മൂന്നിന് നടന്ന പരീക്ഷയ്ക്ക് തൊട്ടുമുമ്പ് സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ച മാതൃകാ ചോദ്യക്കടലാസിലെ 140 ചോദ്യങ്ങൾ യഥാർത്ഥ പരീക്ഷയിലും അതുപടി ഉൾപ്പെട്ടെന്നാണ് ഉയർന്നുവന്ന പ്രധാന ആരോപണം. ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രിത നീക്കം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഈ വൻ ഗൂഢാലോചനയുടെ തുടക്കം മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ മാസം ഒന്നിന് രാജസ്ഥാനിലെ സിക്കറിൽ വ്യാപകമായി പ്രചരിച്ച ഒരു മാതൃകാ ചോദ്യപേപ്പറിന്, യഥാർത്ഥ ചോദ്യപേപ്പറുമായി അസാധാരണമായ സാമ്യം കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പരീക്ഷയിലെ വൻ ക്രമക്കേടും ചോർച്ചയും പുറത്തറിഞ്ഞത്. ക്രമക്കേടുകൾ വ്യാപകമായി പുറത്തുവന്നതിനെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ് യു ജി പരീക്ഷ റദ്ദാക്കിയിരുന്നു. ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ ചോദ്യപേപ്പർ ചോർച്ചയിൽ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഇനിയെന്ത് നടപടിയുണ്ടാകും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

Related Articles

Back to top button