സിപിഎം നേതാക്കാൾ ബിജെപിയിൽ നിന്നും പണം വാങ്ങിയെന്ന് ആരോപണം; നേമത്തെ തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്നു

നേമം മണ്ഡലത്തിൽ എൽഡിഎഫിനേറ്റ തെരഞ്ഞെടുപ്പ് തിരിച്ചടിയെ തുടർന്ന് സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനങ്ങളും ആരോപണങ്ങളും ഉയർന്നു. ചിലർ ബിജെപിയിൽ നിന്ന് പണം സ്വീകരിച്ചെന്നും അതാണ് പാർട്ടിയുടെ തോൽവിക്ക് കാരണമായതെന്നും യോഗത്തിൽ ആരോപണമുയർന്നു. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണം നടത്തുകയാണെങ്കിൽ തെളിവുകൾ ഹാജരാക്കാൻ തയ്യാറാണെന്ന നിലപാടും ചില അംഗങ്ങൾ സ്വീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്.
നേമത്ത് ബിജെപിയുടെ തിരിച്ചുവരവ് ശ്രദ്ധേയമായ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. 2021ൽ ഒ രാജഗോപാലിൽ നിന്നും എൽഡിഎഫ് തിരിച്ചുപിടിച്ച മണ്ഡലം ഇത്തവണ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ സ്വന്തമാക്കുകയായിരുന്നു. വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ മുന്നിൽ നിന്ന രാജീവ് ചന്ദ്രശേഖർ ഒരിക്കൽ പോലും പിന്നിലാകാതെ 4,978 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി 3,949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരുന്നത്.
വോട്ടുശതമാനത്തിലും എൽഡിഎഫിനും യുഡിഎഫിനും ഇടിവുണ്ടായി. 2021ൽ യുഡിഎഫ് സ്ഥാനാർഥിയായ കെ മുരളീധരൻ നേടിയ 36,524 വോട്ടുകൾ ഇത്തവണ കെ എസ് ശബരീനാഥൻ 29,730 ആയി ചുരുങ്ങി. എൽഡിഎഫിന്റെ വോട്ടും 55,837ൽ നിന്ന് 52,214 ആയി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ തോൽവിയെച്ചൊല്ലി സിപിഎമ്മിനുള്ളിൽ തന്നെ ആത്മപരിശോധനയും ആരോപണ-പ്രത്യാരോപണങ്ങളും ശക്തമായിരിക്കുന്നത്.




