പത്താം ക്ലാസ് പാസാകുന്ന നമ്മുടെ കുട്ടികൾ എവിടെ പോകുന്നു? പ്ലസ് വണ്ണിൽ കഴിഞ്ഞ വർഷം ഒഴിഞ്ഞു കിടന്നത് 52,000ത്തിലേറെ സീറ്റുകൾ

സംസ്ഥാനത്തെ ഹയർസെക്കൻഡറി പ്രവേശനത്തിൽ കഴിഞ്ഞ അധ്യയനവർഷം 52,000ത്തിലേറെ പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. മെറിറ്റ്, മാനേജ്‌മെന്റ്, അൺഎയ്ഡഡ് വിഭാഗങ്ങളിലായി ആകെ 52,209 സീറ്റുകളാണ് കുട്ടികൾ അഡ്മിഷനായി എത്താതിരുന്നത്.

മെറിറ്റ് വിഭാഗത്തിൽ മാത്രം 19,758 സീറ്റുകൾ ഒഴിഞ്ഞു കിടന്നു. ജില്ലകളിൽ ഏറ്റവും കൂടുതൽ മെറിറ്റ് സീറ്റുകൾ ഒഴിവായത് കൊല്ലത്താണ് (2339). പത്തനംതിട്ട (2275), ആലപ്പുഴ (2099), കോട്ടയം (1928) ജില്ലകളും പിന്നാലെയുണ്ട്. മാനേജ്‌മെന്റ് ക്വോട്ടയിൽ 4,323 സീറ്റുകളും അൺഎയ്ഡഡ് സ്കൂളുകളിൽ 28,128 സീറ്റുകളും ഒഴിഞ്ഞുകിടന്നു. ഇതോടെ മെറിറ്റ് വിഭാഗത്തിലെ ഒഴിവുകൾ ഉൾപ്പെടെ ആകെ ഒഴിവുകളുടെ എണ്ണം 52,209 ആയി.

കഴിഞ്ഞ വർഷം പ്ലസ് വൺ പ്രവേശനത്തിനായി 4,79,749 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ മെറിറ്റ് വിഭാഗത്തിൽ 3,03,345 പേർക്കും മാനേജ്‌മെന്റ് വിഭാഗത്തിൽ 34,635 പേർക്കും അൺഎയ്ഡഡ് സ്കൂളുകളിൽ 25,527 പേർക്കും പ്രവേശനം ലഭിച്ചു. ആകെ 3,63,507 വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനം നേടിയത്.

അൺഎയ്ഡഡ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ് (5,565). തിരുവനന്തപുരം (3,044), തൃശ്ശൂർ (2,972), എറണാകുളം (2,761), കോഴിക്കോട് (2,346) ജില്ലകളിലും വലിയ തോതിൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നു. വിദ്യാർഥികളുടെ കോഴ്‌സ് തിരഞ്ഞെടുപ്പിലുണ്ടാകുന്ന മാറ്റം, അൺഎയ്ഡഡ് സ്ഥാപനങ്ങളോടുള്ള താൽപര്യക്കുറവ്, തൊഴിൽധിഷ്ഠിത പഠനങ്ങളിലേക്കുള്ള പ്രവണത എന്നിവയാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button